
നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യം രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചാൾസ് എന്റർപ്രൈസസ്’. നർമ്മ മുഹൂർത്തങ്ങളിലൂടെ അണിയിച്ചൊരുക്കിയ ചിത്രം ഒരു ഫാമിലി മിസ്റ്ററി ആയാണ് പുറത്തിറങ്ങുന്നത്. ഉർവ്വശിയാണ് ചാൾസ് എന്റർപ്രൈസസിൽ പ്രധാനപ്പെട്ട വേഷത്തിൽ എത്തുന്നത്. ചിത്രത്തിൻറെ ടീസർ വലിയ രീതിയിൽ സോഷ്യൽ മീഡിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഏറെ ആളുകൾക്ക് ശേഷം ഹാസ്യ പ്രാധാന്യമുള്ള മുഴുനീള കഥാപാത്രത്തെ ഉർവശി അവതരിപ്പിക്കുകയാണ്. കൂടാതെ പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ചാൾസ് എന്റർപ്രൈസസ്.
ചിത്രത്തിൻറെ അണിയറ പ്രവർത്തകർ പുറത്തുവിട്ട പോസ്റ്ററുകളിൽ ഗണപതിഭഗവാന്റെ സാന്നിധ്യം പ്രേക്ഷകർക്കിടയിൽ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴി വച്ചിരുന്നു. മിസ്റ്ററി ചിത്രമാണെന്ന് ആദ്യം പറഞ്ഞുവെങ്കിലും മാളികപ്പുറം പോലെ മറ്റൊരു അത്ഭുതമാണ് ചിത്രം കാത്തുവെച്ചിരിക്കുന്നത് എന്നും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഗണപതിയുടെ വാഹനമായ എലിയുടെ ചിത്രം ക്യാരക്ടർ പോസ്റ്ററായി പുറത്തുവിട്ടതിന് പിന്നാലെയാണ് ചർച്ച ചൂടുപിടിച്ചത്.
ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. ബാലുവര്‍ഗീസ്, ഗുരു സോമസുന്ദരം, , അഭിജശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, സിജി പ്രദീപ്, അജിഷ,മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, ആനന്ദ്ബാൽ തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം മെയ് മാസത്തിൽ റിലീസിന് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിടുന്ന പുതിയ റിപ്പോർട്ട്
