ഈ വർഷം മലയാളികൾ ഏറ്റവും അധികം കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം കമ്മാര സംഭവം റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ സെൻസറിങ് കഴിഞ്ഞ ദിവസം പൂർത്തിയായി. ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചരിത്ര കഥ പറയുന്ന ചിത്രം മാസ്സ് ആക്ഷൻ സീനുകൾക്കും പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. മൂന്നു മണിക്കൂറും രണ്ടു മിനിറ്റും ആണ് ചിത്രത്തിന്റെ ദൈർഘ്യം. സെൻസറിങ് പൂർത്തിയായ ചിത്രം ഏപ്രിൽ 14 നു റിലീസിന് എത്തും എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുള്ളത്. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാര സംഭവം ബ്രിട്ടിഷ് ഭരണകാലത്തെ കഥ പറയുന്ന ചിത്രമാണ്. കമ്മാരൻ എന്ന വ്യക്തിയുടെ കഥപറയുന്ന ചിത്രത്തിൽ അഞ്ചു വ്യത്യസ്ത വേഷങ്ങളിൽ കമ്മാരനായി ദിലീപ് എത്തുമ്പോൾ, ചിത്രത്തിൽ ദിലീപിന് ഒപ്പം സൗത്ത് ഇന്ത്യൻ സൂപ്പർ താരം സിദ്ധാർഥും ഒരു സുപ്രധാന വേഷത്തിൽ ഒപ്പമുണ്ട്.
മലയാള സിനിമയിൽ ആദ്യമായി എത്തുന്ന സിദ്ധാർഥ് ഒതേനൻ എന്ന കഥാപാത്രമായാണ് ആണ് ചിത്രത്തിൽ എത്തുന്നത്. തന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ് ചിത്രത്തിലേത് എന്ന് സിദ്ധാർഥ് മുൻപ് പറഞ്ഞിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രൈലെറുകളും സിദ്ധാർത്ഥിന്റെ വാക്കുകളും മറ്റും ചിത്രത്തെ പറ്റിയുള്ള പ്രേക്ഷക പ്രതീക്ഷ ഇരട്ടിയാക്കാൻ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങുകൾ നവമാധ്യമങ്ങളിൽ ചർച്ച ആയിരുന്നു. തമിഴ് താരം ബോബി സിംഹ, ശ്വേതാ മേനോൻ, മുരളി ഗോപി തുടങ്ങി നീണ്ട താര നിര തന്നെ ചിത്രത്തിൽ ഉണ്ട്. മുപ്പത് കോടിയോളം ബജറ്റിൽ ഒരുക്കിയ ചിത്രത്തിന്റെ നിർമ്മാതാവ് ശ്രീ ഗോകുലം ഗോപാലൻ ആണ്. ഇരുന്നൂറോളം തീയറ്ററുകളിൽ വമ്പൻ റിലീസായി ചിത്രം വിഷുവിന് എത്തും.