ഇന്ത്യൻ സിനിമയിലെ ഇതിഹാസമായ, മലയാളികളുടെ സ്വന്തം മോഹൻലാൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ബറോസ്. കൊച്ചി കാക്കനാട് നവോദയ സ്റ്റുഡിയോയിലാണ് ഇന്നലെ ഈ സിനിമയുടെ പൂജ നടന്നത്. മൈ ഡിയർ കുട്ടിച്ചാത്തൻ, പടയോട്ടം എന്ന ചിത്രങ്ങൾ ഒരുക്കിയ ജിജോ പുന്നൂസ് തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിലെ നായക വേഷവും മോഹൻലാൽ തന്നെയാണ് ചെയ്യുന്നത്. ഈ ചിത്രത്തിന്റെ തുടക്കം എങ്ങനെയായിരുന്നു എന്നു പൂജ ചടങ്ങിൽ വെച്ചു രചയിതാവായ ജിജോ പുന്നൂസ് വെളിപ്പെടുത്തി. കാപ്പിരി മുത്തപ്പന്‍ എന്ന മിത്തില്‍ നിന്നാണ് ബറോസ് എന്ന ആലോചന ഉണ്ടായതെന്ന് ജിജോ പുന്നൂസ് പറയുന്നു.
രണ്ടായിരത്തില്‍ ജൂഡ് അട്ടിപ്പേറ്റിക്കൊപ്പം ഒരു സിനിമയെടുക്കുമ്പോഴാണ് മട്ടാഞ്ചേരിയില്‍ ഒരാളെ കണ്ടതെന്നും, അപ്പോൾ അയാളെ സ്ഥിരമായി കാണുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ച് ജൂഡ് പറഞ്ഞെന്നും ജിജോ ഓർത്തെടുക്കുന്നു. കാപ്പിരി മുത്തപ്പന്റെ കഥയാണോ ജൂഡ് പറയുന്നതെന്ന് ചോദിച്ച ജിജോ അത് സിനിമയാക്കാന്‍ ആലോചിച്ചു. പിന്നീട് അത് നടക്കാതെ പോയി. പക്ഷെ അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ജിജോ രചിച്ച കഥയാണ് ബറോസ്. ബറോസ് ഇംഗ്ലീഷിലാണ് എഴുതിയത് എന്നും അതൊരു ഇന്റര്‍നാഷനല്‍ സബ്ജക്ട് എന്ന നിലക്കാണ് എടുക്കാന്‍ ആലോചിച്ചത് എന്നും ജിജോ പറഞ്ഞു. ആ സമയത്ത് റിസര്‍ച്ചിനായി ഗോവയില്‍ നിന്ന് ആളുകളെ പരിചയപ്പെടുകയും പിന്നീട് രാജീവ് കുമാർ ഇത് മലയാളത്തില്‍ ചെയ്യാമെന്ന് പറയുകയും ചെയ്തു. ഒരു പെണ്‍കുട്ടി നിധി കാക്കുന്ന ഭൂതത്തെ കാണുന്ന കഥയാണെന്ന് ജിജോ പറഞ്ഞപ്പോൾ ഗോസ്റ്റിന്റെ പോയിന്റ് ഓഫ് വ്യൂവില്‍ കഥ പറയാമെന്ന് രാജീവ് കുമാര്‍ നിർദേശിച്ചു. പിന്നീട് ഇതൊരു ഒരു ത്രീഡി നാടകമായി ചെയ്യാനുള്ള ചര്‍ച്ചക്കിടെയാണ് ഒരിക്കല്‍ മോഹൻലാൽ ഇത് താൻ സംവിധാനം ചെയ്താലോ എന്ന് ചോദിച്ചത്. മോഹൻലാലിന് ഇത് ഉറപ്പായും ചെയ്യാനാകും എന്നാണ് താനന്നു പറഞ്ഞതെന്നും ജിജോ വെളിപ്പെടുത്തി.