ജീവിതത്തിൽ ഒട്ടും ടെൻഷനില്ലാതെ അഭിനയിക്കുന്ന സിനിമയാവും ബറോസ്; കാരണം വ്യക്തമാക്കി പൃഥ്വിരാജ്..!

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ബറോസ്. മോഹൻലാൽ തന്നെ നായക വേഷവും ചെയ്യുന്ന ഈ ചിത്രം മാർച്ചു മുപ്പത്തിയൊന്നു മുതൽ ചിത്രീകരണമാരംഭിക്കും. ജിജോ പുന്നൂസ് തിരക്കഥ രചിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ വെച്ച് നടന്നത്. ലാലേട്ടൻ ഒരുക്കുന്ന ഈ ചിത്രത്തിൽ അഭിനയിക്കാൻ തന്നെ വിളിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് കരുതുന്നു എന്നും ജിജോ സർ എഴുതിയ തിരക്കഥ താനിത് വരെ വായിച്ചിട്ടുള്ളതിൽ വെച്ചേറ്റവും മികച്ച തിരക്കഥകളിൽ ഒന്നാണെന്നും പൃഥ്വിരാജ് പറയുന്നു. ലാലേട്ടൻ, സ്റ്റാർട്ട് ക്യാമറ ആക്ഷൻ എന്ന് പറയുന്ന നിമിഷത്തിനായി താൻ കാത്തിരിക്കുകയാണെന്നും പൃഥ്വിരാജ് പറഞ്ഞു. മോഹൻലാൽ സംവിധാനം ചെയ്യുമ്പോൾ അഭിനയിക്കാൻ ടെൻഷനുണ്ടോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് പൃഥ്വിരാജ് നൽകിയ ഉത്തരവും ശ്രദ്ധേയമായി.

താൻ ജീവിതത്തിൽ ഒട്ടും ടെൻഷനില്ലാതെ അഭിനയിക്കാൻ പോകുന്ന ചിത്രമാകും ബറോസ് എന്നും അതിനു കാരണം മോഹൻലാൽ ഇത് സംവിധാനം ചെയ്യുന്നു എന്നത് തന്നെയാണെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. ജിജോ സാർ എഴുതിയ തിരക്കഥ,ക്യാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവൻ എന്നത് കൂടിയാവുമ്പോൾ തനിക്കു ഒരു ടെൻഷനോ തയ്യാറെടുപ്പുകളോ കൂടാതെ തന്നെ ഈ ചിത്രത്തിൽ അഭിനയിക്കാൻ സാധിക്കുമെന്നും അങ്ങനെ വളരെ അപൂർവം ചിത്രങ്ങൾ മാത്രമേ ജീവിതത്തിൽ ലഭിക്കു എന്നും പൃഥ്വിരാജ് പറഞ്ഞു. ഈ ചിത്രത്തിന് നടത്തിയത് പോലത്തെ ഗംഭീരമായ പ്രീ- പ്രൊഡക്ഷൻ ജോലികൾ, ഒരുപക്ഷെ മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ മറ്റൊരു ചിത്രത്തിനും നടത്തിയിട്ടുണ്ടാവില്ല എന്നും അത് നേരിട്ട് കണ്ട തനിക്കു ചിത്രത്തിലുള്ള ആത്മവിശ്വാസം വളരെ വലുതാണെന്നും പൃഥ്വിരാജ് പറഞ്ഞു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close