
കഴിഞ്ഞയാഴ്ച കേരളത്തിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് സുഖമാണോ ദാവീദേ. ഭഗത് മാനുവൽ, ചേതൻ ജയലാൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതരായ അനുപ് ചന്ദ്രൻ- രാജ മോഹൻ ടീം ആണ്. കൃഷ്ണ പൂജപ്പുര തിരക്കഥ രചിച്ചിരിക്കുന്നു ഈ ചിത്രം നിർമ്മിച്ചത് പാപ്പി ക്രീയേഷന്സിന്റെ ബാനറിൽ ടോമി കിരിയന്തൻ ആണ്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റി മുന്നേറുന്ന ഈ ഫീൽ ഗുഡ് എന്റെർറ്റൈനെറിനെ കുറിച്ചുള്ള ഒരു പ്ലസ് ടു അധ്യാപകന്റെ വാക്കുകൾ ഇപ്പൊ ശ്രദ്ധ നേടുകയാണ്. ഡോക്ടർ ബിനോയ് സക്കറിയ എന്ന പ്ലസ് ടു അധ്യാപകൻ ആണ് ഈ ചിത്രത്തെ അഭിനന്ദിച്ചും ഈ ചിത്രം എല്ലാവരും കാണണം എന്ന് പറഞ്ഞു കൊണ്ടും രംഗത്ത് എത്തിയിരിക്കുന്നത്. കുട്ടികളുടെ കാര്യത്തിൽ ഇന്ന് നമ്മുടെ സമൂഹത്തിൽ ഒരു അരക്ഷിതാവസ്ഥ നില നിൽക്കുന്നുണ്ട് എന്ന് അദ്ദേഹം പറയുന്നു. രക്ഷിതാക്കളും അധ്യാപകരും അല്ലാതെ സോഷ്യൽ മീഡിയയിലെ അപരിചിതമായ കൂട്ടുകെട്ടുകൾ അവരുടെ ചിന്തകളിലും മറ്റു സ്വാധീനം ചെലുത്തുന്ന കാലമാണിത്.
ഫേസ്ബുക്കിലും വാട്സാപ്പിലും സമയം ചിലവഴിക്കുന്ന കുട്ടികൾ വീട്ടിലുള്ളവരും ആയി ഇടപഴകുന്നില്ല. അവർ ഒരു സൈബർ ലോകത്താണ്. ഈ അവസ്ഥ മാറി അവർ വീട്ടിലുള്ളവരെ തങ്ങളുടെ ഹീറോ ആയി കാണണം എന്നും വീട്ടിലുള്ളവർ അവർക്കു നല്ല മാതൃക കാണിച്ചു കൊടുക്കണം എന്നും അദ്ദേഹം പറയുന്നു. മാത്രമല്ല മനപ്പൂർവം അതിനു വേണ്ടി സമയം കണ്ടെത്തി അവരുമായി കൂടുതൽ സമയം ചിലവഴിക്കേണ്ടതിന്റെയും, വലുതും ചെറുതുമായ എല്ലാ കാര്യങ്ങളും അവരുമായി കൂടിയും ഷെയർ ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു.
അവരെ ചില കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കാൻ സുഖമാണോ ദാവീദേ എന്ന ഈ ചിത്രം ഫാമിലി ആയി പോയി കാണിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. രക്ഷകർത്താക്കളുടെ ശ്രദ്ധ കുറവ് മൂലം കുട്ടികൾ എങ്ങനെ വഴി തെറ്റുന്നു എന്നും അങ്ങനെ വഴി തെറ്റി പോയ കുട്ടിയെ എങ്ങനെ തെറ്റുകൾ തിരുത്താൻ പ്രാപതനാക്കി തിരികെ കൊണ്ട് വരാം ജീവിതത്തിലേക്ക് എന്നുമൊക്കെ വളരെ മനോഹരമായി കാണിക്കുന്ന ചിത്രമാണിതെന്നു അദ്ദേഹം പറയുന്നു. ഈ ചിത്രം കണ്ടു കഴിയുമ്പോൾ കുട്ടികൾ പഠിക്കാൻ വരെ താല്പര്യം കാണിക്കും എന്നദ്ദേഹം ഉറപ്പിച്ചു പറയുന്നു. കുട്ടികളും, കുട്ടികളെ സ്നേഹിക്കുന്ന അധ്യാപകരും രക്ഷിതാക്കളും എല്ലാവരും ഈ പരീക്ഷാക്കാലത്തു തന്നെ ഈ ചിത്രം പോയി കാണണം എന്നും അദ്ദേഹം പറഞ്ഞു നിർത്തുന്നു.