
ഇന്നലെ റിലീസ് ചെയ്ത ഉയരെ എന്ന മലയാള ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടിയെടുക്കുന്നത്. പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ ഗംഭീരം എന്നി വിശേഷിപ്പിക്കുന്ന ചിത്രങ്ങൾ വളരെ കുറവാണു എന്നിരിക്കെ അത്തരത്തിൽ ഉള്ള അപൂർവമായ പോസിറ്റീവ് റിവ്യൂസ് ആണ് ഉയരെ എങ്ങു നിന്നും നേടുന്നത്. നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ബോബി- സഞ്ജയ് ടീം ആണ്. വളരെ സമകാലിക പ്രസക്തിയുള്ള ഒരു വിഷയം മനസ്സിൽ തൊടുന്ന തരത്തിലാണ് സംവിധായകനും രചയിതാക്കളും ചേർന്ന് അവതരിപ്പിച്ചിരിക്കുന്നത്. പാർവതി കേന്ദ്ര കഥാപാത്രം ആയി എത്തിയ ഈ ചിത്രത്തിൽ ആസിഫ് അലി, ടോവിനോ തോമസ് എന്നിവരും നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിനും തന്റെ കഥാപാത്രത്തിനും ലഭിക്കുന്ന മികച്ച പ്രതികരണത്തിന് സോഷ്യൽ മീഡിയയോട് നന്ദി പറയുകയാണ് ആസിഫ് അലി.
ഫേസ്ബുക് ലൈവിൽ വന്നാണ് പ്രേക്ഷകരോടുള്ള നന്ദി ആസിഫ് അലി അറിയിച്ചത്. ഗോവിന്ദ് എന്ന് പേരുള്ള നെഗറ്റീവ് ടച്ചുള്ള ഒരു വേഷമാണ് ആസിഫ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. പാർവതിയുടെ വിസ്മയിപ്പിക്കുന്ന പ്രകടനമുള്ള ഈ ചിത്രത്തിൽ ടോവിനോ തോമസും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത നിർമ്മാണ ബാനർ ആയ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ഉടമ ആയ പി വി ഗംഗാധരന്റെ മക്കൾ ചേർന്നു രൂപം നൽകിയ എസ് ക്യൂബ് ഫിലിംസ് ആണ്. പി.വി. ഗംഗാധരന്റെ മക്കളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരാണ് എസ് ക്യൂബ് എന്ന കമ്പനിക്കു പുറകിൽ. സിദ്ദിഖ്, പ്രതാപ് പോത്തൻ, പ്രേം പ്രകാശ്, അനാർക്കലി മരക്കാർ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്.