
കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആണ് ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്നത്. മോഹൻലാൽ അഭിനയിച്ച ഹിന്ദി ചിത്രമായ കമ്പനിയിലൂടെ അരങ്ങേറ്റം കുറിച്ച വിവേക് ഒബ്‌റോയ് ഇപ്പോൾ മലയാളത്തിൽ അരങ്ങേറുന്നതും മോഹൻലാൽ ചിത്രത്തിലൂടെ ആയതിന്റെ സന്തോഷത്തിലാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടനൊപ്പം വീണ്ടും ജോലി ചെയ്യുന്നതിന്റെ ആവേശത്തിലാണ് താനെന്നു പറഞ്ഞ വിവേകിന് സംവിധായകൻ പൃഥ്വിരാജ് സുകുമാരനെ കുറിച്ച് പറയുമ്പോഴും നൂറു നാവാണ്. ഒരു സംവിധായകൻ എന്ന നിലയിൽ ഗംഭീര ജോലിയാണ് പൃഥ്വരാജ് ചെയ്യുന്നത് എന്നാണ് വിവേക് പറയുന്നത്.
പൃഥ്വിരാജ് ഒരുക്കുന്ന ഷോട്ടുകൾ ഇന്റർനാഷണൽ നിലവാരത്തിലുള്ളവ ആണെന്നും, പലപ്പോഴും സാങ്കേതിക കാര്യങ്ങളിൽ പൃഥ്വിരാജ് , റാം ഗോപാൽ വർമയുടെ പെർഫെക്ഷൻ ആണ് ഓർമ്മിപ്പിക്കുന്നതെന്നും വിവേ ഒബ്‌റോയ് പറയുന്നു. ഒരു നടനെന്ന നിലയിൽ തന്നെ വളരെയധികം വെല്ലുവിളിക്കുന്ന തരത്തിലാണ് പൃഥ്വിരാജ് തന്റെ കഥാപാത്രത്തെ ഒരുക്കിയെടുക്കുന്നതു എന്നും വിവേക് പറഞ്ഞു. കഥാപാത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാൻ പറ്റില്ലെങ്കിലും തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ഗംഭീരമായ കഥാപാത്രങ്ങളിൽ ഒന്നാണ് ലുസിഫെറിലേതു എന്നും വിവേക് ഒബ്‌റോയ് പറയുന്നു. പൃഥ്‌വിയും ലാലേട്ടനും മഞ്ജുവും എല്ലാം ചേർന്ന് തന്നെ ഇപ്പോൾ മലയാളം പഠിപ്പിക്കുകയാണെന്നും വിവേക് ഒബ്‌റോയ് കൂട്ടിച്ചേർത്തു. അതോടൊപ്പം കേരളത്തിൽ ഉണ്ടായ പ്രളയവും താൻ അടുത്ത് നിന്നും കണ്ടു എന്നും, തന്നെ കൊണ്ട് കഴിയുന്നതെന്തും ഇവിടുത്തെ ജനങ്ങളെ സഹായിക്കാൻ ചെയ്യാൻ ഒരുക്കം ആണെന്നും വിവേക് ഒബ്‌റോയ് പറഞ്ഞു. എല്ലാ വർഷവും ശബരിമല ദർശനത്തിനു കേരളത്തിൽ എത്തുന്ന ആളാണ് വിവേക് ഒബ്‌റോയ്.