കുട്ടനാടൻ മാർപ്പാപ്പയുടെ നായിക സുരഭി സന്തോഷ് ഇനി ഒരു ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയിലെ നായിക..!

Advertisement

മലയാളികളുടെ പ്രീയപ്പെട്ട നടൻ ഹരിശ്രീ അശോകൻ സംവിധായകൻ ആവുകയാണ്.ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന നർമ്മത്തിൽ പൊതിഞ്ഞ ഒരു ചിത്രത്തിലൂടെയാണ് ഹരിശ്രീ അശോകൻ സംവിധായകന്റെ കുപ്പായം അണിയുന്നത്. അടുത്ത ദിവസം തന്നെ ഈ ചിത്രത്തിന്റെ പൂജയും നടക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. യുവ താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷത്തിൽ എത്തുന്നത് സുരഭി സന്തോഷ് ആണ്. കുട്ടനാടൻ മാർപാപ്പ എന്ന ഈ വർഷത്തെ സൂപ്പർ ഹിറ്റ് കുഞ്ചാക്കോ ബോബൻ ചിത്രത്തിലെ നായിക ആയി നമ്മൾ കണ്ട സുരഭി, പിന്നീട് കിനാവള്ളി എന്ന ചിത്രത്തിലെ നായികാ വേഷത്തിലൂടെയും ശ്രദ്ധ നേടിയിരുന്നു.

മനോഹരമായ ഒരു സൗഹൃദത്തിന്റെ കഥ കൂടിയാണ് ഈ ചിത്രം പറയുക എന്നാണ് ഹരിശ്രീ അശോകൻ വെളിപ്പെടുത്തുന്നത്. വരുത്താൻ ഫെയിം നമിത, രാഹുൽ മാധവ്, ദീപക് പറമ്പോൾ, ധർമജൻ ബോൾഗാട്ടി, സുരേഷ് കൃഷ്ണ, മനോജ് കെ ജയൻ, നന്ദു എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി സെപ്റ്റംബർ പത്താം തീയതിയോടെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് അറിയുന്നത്.

Advertisement

എം ഷിജിത്, ഷഹീർ ഖാൻ എന്നിവർ ചേർന്ന് എസ് സ്‌ക്വയർ സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും ഹരിശ്രീ അശോകൻ തന്നെയാണ്. ഒൻപതു വർഷമായിട്ടുള്ള ഹരിശ്രീ അശോകന്റെ സ്വപ്നമാണ് ഈ ചിത്രത്തിലൂടെ പൂവണിയുന്നതു എന്നാണ് അദ്ദേഹം പറയുന്നത്. ദിലീഷ് പോത്തൻ, സലിം കുമാർ, രമേശ് പിഷാരടി, സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ജോയ് മാത്യു, ബാബു രാജ്, സിദ്ധാർഥ് ശിവ, നാദിർഷ, പൃഥ്വിരാജ് തുടങ്ങിയവരോടൊപ്പം അഭിനയ രംഗത്ത് നിന്നും സംവിധായകനായ കലാകാരന്മാരുടെ കൂട്ടത്തിൽ ഇനി ഹരിശ്രീ അശോകന്റെയും പേര് ചേർക്കപ്പെടുകയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close