അജിത്തിന്റെ വില്ലനായി അരവിന്ദ് സ്വാമി

Advertisement

തമിഴകത്തിന്റെ തല അജിത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ തുനിവ് റിലീസ് ചെയ്യുന്നത് കാത്തിരിക്കുകയാണ് ആരാധകർ. വരുന്ന ജനുവരി പതിനൊന്നിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ബിഗ് ബഡ്ജറ്റ് ഹെയ്‌സ്റ്റ് ത്രില്ലർ സംവിധാനം ചെയ്തിരിക്കുന്നത് എച്ച് വിനോദ് ആണ്. ഇപ്പോഴിതാ അജിത് നായകനായി അഭിനയിക്കാൻ പോകുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. സൂപ്പർ ഹിറ്റ് സംവിധായകൻ വിഘ്‌നേശ് ശിവനാണ് അജിത് നായകനായി എത്താൻ പോകുന്ന അടുത്ത ചിത്രം സംവിധാനം ചെയ്യുക. എകെ 62 എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ വില്ലനായി തമിഴിലെ വലിയ താരമായ അരവിന്ദ് സ്വാമി എത്തുന്നുവെന്നാണ് വാർത്തകൾ വരുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കാൻ പോകുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ് ആണ്.

ഈ മാസം ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ വിഘ്‌നേശ് ശിവൻ- അജിത് ചിത്രത്തിൽ സന്താനവും ഒരു പ്രധാന കഥാപാത്രത്തിന് ജീവൻ നൽകുന്നുണ്ട്. തെന്നിന്ത്യൻ സൂപ്പർ നായികയായ തൃഷയാണ് ഇതിലെ നായികാ വേഷം ചെയ്യുന്നത് എന്നാണ് സൂചന. പോടാ പോടീ, നാനും റൗഡി താൻ, താനാ സേർന്താ കൂട്ടം, പാവ കഥയ്ക്കൾ എന്ന ആന്തോളജിയിലെ ഒരു ചിത്രം, കാത്തു വാക്കുല രെണ്ട് കാതൽ എന്നിവയാണ് വിഘ്‌നേശ് ശിവൻ ഇതിനു മുൻപ് സംവിധാനം ചെയ്ത ചിത്രങ്ങൾ. തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുമായുള്ള വിവാഹത്തിന് ശേഷം വിഘ്‌നേശ് ഒരുക്കാൻ പോകുന്ന ചിത്രം കൂടിയാണ് ഈ വരാൻ പോകുന്ന അജിത് ചിത്രം. ഒരുപിടി മികച്ച വില്ലൻ വേഷങ്ങൾ ചെയ്തിട്ടുള്ള അരവിന്ദ് സ്വാമി അജിത്തിനൊപ്പം വരുമ്പോൾ, ഈ ചിത്രത്തിൽ തീപാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close