മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കം റിലീസ് തീയതി എത്തി

Advertisement

പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, ആദ്യമായി മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ നൻ പകൽ നേരത്ത് മയക്കമെന്ന ചിത്രം പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന മലയാള സിനിമകളിൽ ഒന്നാണ്. കഴിഞ്ഞ മാസം നടന്ന കേരളാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത ഈ ചിത്രത്തിന് അവിടെ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ഈ ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ പോകുന്ന തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വരുന്ന ജനുവരി പത്തൊന്പതിനു ആണ് ഈ മമ്മൂട്ടി ചിത്രം റിലീസ് ചെയ്യുക. മമ്മൂട്ടി തന്നെ തന്റെ പുതിയ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ട്രൂത്ത് ഫിലിംസാണ് ഈ ചിത്രം വിദേശത്ത് വിതരണം ചെയ്യുക.

പ്രശസ്ത രചയിതാവ് എസ് ഹരീഷ് രചന നിർവഹിച്ച ഈ ചിത്രത്തിന്റെ ടീസറുകൾ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിക്കൊപ്പം രമ്യാ പാണ്ട്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. തേനി ഈശ്വർ ക്യാമറ ചലിപ്പിച്ച നൻപകൽ നേരത്ത് മയക്കം എഡിറ്റ് ചെയ്തിരിക്കുന്നത് ദീപു ജോസഫാണ്. പഴനിയിലാണ് ഈ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ജെയിംസ്, സുന്ദരം എന്നീ രണ്ട് കഥാപാത്രങ്ങളായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി തന്നെയാണ് ഈ ചിത്രത്തിന്റെ കഥയും രചിച്ചിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close