ദി ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് എന്ന വിശ്വ പ്രസിദ്ധമായ കൃതിയിലൂടെ ബുക്കർ പ്രൈസ് വരെ സ്വന്തമാക്കിയ ലോക പ്രശസ്തയായ ഇന്ത്യൻ എഴുത്തുകാരിയാണ് അരുന്ധതി റോയ്. സിനിമാ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അവർ ഇപ്പോൾ മമ്മൂട്ടിയുടെ കഴിഞ്ഞ വർഷം റിലീസ് ചെയ്ത അബ്രഹാമിന്റെ സന്തതികൾ എന്ന മലയാള ചിത്രത്തെ രൂക്ഷമായി വിമർശിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. വംശീയ അധിക്ഷേപം നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ഇതെന്നാണ് അരുന്ധതി റോയിയുടെ വിമർശനം. അടുത്തിടെ നൽകിയ ഒരു മാധ്യമ അഭിമുഖത്തിലാണ് അരുന്ധതി റോയ് ഈ മമ്മൂട്ടി ചിത്രത്തിന് എതിരെ നിശിതമായ വിമർശനം അഴിച്ചു വിട്ടത്.
പുരോഗമന ചിന്താഗതിയുള്ള കേരളാ സംസ്ഥാനത്തു നിന്ന് എത്തിയ ഒരു ചിത്രം അടുത്തിടെ കണ്ടു എന്നും അബ്രഹാമിന്റെ സന്തതികൾ എന്ന് പേരുള്ള ആ ചിത്രത്തിൽ വില്ലൻ വേഷം ചെയ്ത ആഫ്രിക്കക്കാരെ ക്രൂരന്മാരും മണ്ടന്മാരും ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതും എന്നും അരുന്ധതി റോയ് പറയുന്നു. ആഫ്രിക്കക്കാർ ഇല്ലാത്ത കേരളത്തിൽ വംശീയ അധിക്ഷേപം നടത്തുന്നതിന് മാത്രമായി അവരെ ഇറക്ക് മതി ചെയ്തിരിക്കുകയാണ് എന്നും അവർ പറയുന്നു. കേരളത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നും ഈ സമൂഹവും ഇവിടെയുള്ള സിനിമാക്കാരും നിർമ്മാതാക്കളും നടന്മാരും എല്ലാം ഇങ്ങനെയുള്ളവർ ആണെന്നും അരുന്ധതി റോയ് പറയുന്നു. ഇരുണ്ട നിറത്തിന്റെ പേരും പറഞ്ഞു നോർത്ത് ഇന്ത്യക്കാർ ദക്ഷിണേന്ത്യക്കാരെ കളിയാക്കുമ്പോൾ അതേ കാരണം തന്നെ ഉപയോഗിച്ച് ഇവിടെ ഉള്ളവർ ആഫ്രിക്കക്കാരെ കളിയാക്കുന്നു. ഹനീഫ് അദനി രചിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ഷാജി പാടൂർ ആണ്. നേരത്തെ കസബ എന്ന ചിത്രത്തിൽ മമ്മൂട്ടി കഥാപാത്രം സ്ത്രീകളെ അപമാനിച്ചു എന്ന് ആരോപിച്ചു മലയാളത്തിലെ വനിതാ സംഘടനകൾ രംഗത്ത് വന്നിരുന്നു.