
അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് ശരത് കുമാർ. അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ഹിറ്റാക്കിയത് മുതൽ ശരത് കുമാർ പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത് തന്നെ അപ്പാനി ശരത് എന്ന പേരിലാണ്. അതിനു ശേഷം മോഹൻലാലിനൊപ്പം വെളിപാടിന്റെ പുസ്തകം എന്ന ഹിറ്റ് ചിത്രത്തിലെ വേഷത്തിലൂടെയും അപ്പാനി ശരത് ശ്രദ്ധ നേടി. അതിലെ ജിമ്മിക്കി കമ്മൽ എന്ന പാട്ടു ലോകം മുഴുവൻ ശ്രദ്ധ നേടിയപ്പോൾ അതിൽ അഭിനയിച്ച ശരത്തും ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ടു എന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ല. ഇപ്പോൾ തമിഴിലും മലയാളത്തിലും തിരക്കുള്ള നടനായി മാറിയ ശരത് ഒരച്ഛൻ ആയിരിക്കുകയാണ്. അച്ഛൻ ആയതിന്റെ സന്തോഷം സോഷ്യൽ മീഡിയ വഴി ശരീഅത് പങ്കു വെക്കുകയും ചെയ്തു.
ആൺകുട്ടിയാണ് ശരത്തിനു ജനിച്ചിരിക്കുന്നതു. കുട്ടിയുമായുള്ള ചിത്രം ശരത് ഫേസ്ബുക്കിൽ പങ്കു വെക്കുകയും ചെയ്തു. കഴിഞ്ഞ മാസം കേരളത്തെ പ്രളയം ബാധിച്ചപ്പോൾ ശരത്തിന്റെ ഗർഭിണിയായ ഭാര്യയും കുടുംബവും ചെങ്ങന്നൂർ ഉള്ള വീട്ടിൽ കുടുങ്ങി പോയിരുന്നു. ചെന്നൈയിൽ ഷൂട്ടിങ്ങിൽ ആയിരുന്ന അപ്പാനി ശരത് ഫേസ്ബുക് ലൈവ് വിഡിയോയിലൂടെയാണ് തന്റെ കുടുംബത്തെ രക്ഷിക്കാൻ സഹായം അഭ്യർത്ഥിച്ചത്. ഏതായാലും കൃത്യ സമയത്തു നടത്തിയ രക്ഷാ ദൗത്യത്തിലൂടെ അവരെ രക്ഷപ്പെടുത്തുകയും ചെയ്തു. കോണ്ടസ്സ എന്ന ചിത്രമാണ് ശരത്തിന്റേതായി ഇനി റിലീസ് ചെയ്യാൻ ഉള്ളത്. അയ്യപ്പൻറെ ശകടം എന്ന മറ്റൊരു ചിത്രത്തിലും ശരത് അഭിനയിച്ചിരുന്നു. ഇത് കൂടാതെ ഇപ്പോൾ ഓട്ടോ ശങ്കർ എന്ന തമിഴ് വെബ് സീരിസിലും ശരത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്.