മലയാളത്തിലിറങ്ങിയ കുറ്റാന്വേഷണ സിനിമകളിൽ പുതുവഴിയെ നീങ്ങിയ സിനിമയാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ ടൊവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’. ഒരു സിനിമയിൽ തന്നെ രണ്ട് വ്യത്യസ്ത കഥകളും അതിന് വ്യത്യസ്ത രീതിയിലുള്ള ക്ലൈമാക്സുകളുമായി തിയേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകർ നിറഞ്ഞ മനസ്സോടെ ഏറ്റെടുത്തിരിക്കുകയാണ്. മലയാളത്തിൽ ഇതുവരെ ഇറങ്ങിയിട്ടുള്ള എണ്ണം പറഞ്ഞ കുറ്റാന്വേഷണ സിനിമകളുടെ ഗണത്തിലേക്കാണ് ഇതിനകം ഈ ചിത്രത്തെ സിനിമാപ്രേമികൾ ചേർത്തുവെച്ചിട്ടുള്ളത്. 40 കോടിയിലേറെ ആഗോള ബോക്സോഫീസ് കളക്ഷനുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’ നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. പുത്തൻ റിലീസുകള്‍ക്കിടയിലും കേരളത്തിനകത്തും പുറത്തും മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് നെറ്റ്‍ഫ്ലിക്സ് വലിയ തുകയ്ക്ക് സ്വന്തമാക്കിയതായും സൂചനയുണ്ട്.
ഫെബ്രുവരി 9ന് കേരളത്തിലും കേരളത്തിന് പുറത്തും ജിസിസി രാജ്യങ്ങളിലും ഉള്‍പ്പെടെ റിലീസ് ചെയ്ത ചിത്രം ഇതിനകം 40 കോടിയിലേറെ വേൾഡ് വൈഡ് ബോക്സോഫീസ് കളക്ഷൻ നേടിക്കഴിഞ്ഞതായാണ് വിവരം. നാലാം വാരത്തിലും ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
കുഴിച്ചുമൂടപ്പെട്ട സത്യങ്ങള്‍ക്ക് പിന്നാലെയുള്ള എസ്.ഐ ആനന്ദിന്‍റേയും സംഘത്തിന്‍റേയും ആവേശം ജനിപ്പിക്കുന്ന അന്വേഷണം ജനങ്ങള്‍ ഏറ്റെടുത്തിന് തെളിവാണ് ഇപ്പോഴും സിനിമയ്ക്ക് തിയേറ്ററുകളിൽ അനുഭവപ്പെടുന്ന തിരക്ക്. ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തിയിരിക്കുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് ഡാർവിൻ കുര്യാക്കോസാണ്. നവാഗത സംവിധായകൻ ആയിട്ടുകൂടി തികഞ്ഞ കൈയ്യടക്കത്തോടെയാണ് ഇൻവെസ്റ്റിഗേഷൻ ഡ്രാമ ജോണറിൽ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു മർഡർ ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി ഒരുക്കിയ ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’എന്ന പ്രത്യേകതയുമുണ്ട്.
തൊണ്ണൂറുകളുടെ ആരംഭത്തിൽ കേരളത്തിൽ ഏറെ വിവാദമായ രണ്ട് കൊലപാതകങ്ങളും അതിന് പിന്നാലെ നടന്ന സംഭവ പരമ്പരകളുമൊക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്. എസ് ഐ ആനന്ദ് നാരായണൻ എന്ന പോലീസ് കഥാപാത്രമായി വേറിട്ട ലുക്കിലാണ് ടൊവീനോ ചിത്രത്തിലുള്ളത്. മുമ്പ് താരം അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി സട്ടിലായാണ് ഈ വേഷം ടൊവിനോ സ്ക്രീനിൽ എത്തിച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകാഭിപ്രായം. ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, നന്ദു, ഹരിശ്രീ അശോകൻഷ പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശ്, രമ്യാ സുവി, അനഘ മായ രവി, അശ്വതി മനോഹരൻ, അർത്ഥന ബിനു തുടങ്ങി നിരവധി താരങ്ങളുടെ ശ്രദ്ധേയ പ്രകടനവുമാണ് ചിത്രത്തിലേത്.
സിനിമയുടെ ആത്മാവ് തന്നെയായ സംഗീതമൊരുക്കിയിരിക്കുന്നത് തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ്. തൊണ്ണൂറുകളിലെ കഥ സംസാരിക്കുന്ന സിനിമയുടെ മികവുറ്റ ഛായാഗ്രഹണം ‘തങ്കം’ സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ് നിർവ്വഹിച്ചിരിക്കുന്നത്