
ബാഹുബലിയുടെ ബ്രഹ്മാണ്ഡ വിജയത്തിന്റെ ത്രില്ലിലാണ് അനുഷ്ക ഷെട്ടി. ദേവസേന എന്ന കഥാപാത്രം അനുഷ്‌ക്കയ്ക്ക് ഉണ്ടാക്കി കൊടുത്ത മൈലേജ് ചെറുതൊന്നുമല്ല. ബോളിവുഡ് സിനിമകൾ പോലും അനുഷ്‌കയെ കാസറ്റ് ചെയ്യാൻ വേണ്ടി പിന്നാലെ നടക്കുകയാണ്.
ഇന്ത്യൻ സിനിമയിലെ ഏറ്റവും ചിലവേറിയ സിനിമയാക്കാൻ പോകുന്ന ദി മഹാഭാരത/രണ്ടാമൂഴത്തിലൂടെ അനുഷ്‌ക മലയാളത്തിലേക്ക് എത്തുന്നു എന്നാണ് സിനിമ ലോകത്ത് നിന്നും ലഭിക്കുന്ന പുതിയ വാർത്തകൾ. പാഞ്ചാലിയുടെ വേഷം ചെയ്യാൻ വേണ്ടിയാണ് സംവിധായകൻ അനുഷ്‌കയെ ക്ഷണിച്ചതെന്ന് കേൾക്കുന്നു.
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന മഹാഭാരത ഇന്ത്യൻ സിനിമ ലോകം ഉറ്റുനോക്കുന്ന ചിത്രമാണ്. 1000 കോടിയുടെ സിനിമ എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ സൂപ്പർ താരങ്ങളും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.