
ബാലതാരമായി സിനിമയിൽ വന്ന് ഒട്ടേറെ മലയാളം, തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് അനിഖ സുരേന്ദ്രൻ. ഇപ്പോഴിതാ അനിഖ നായികാ വേഷം ചെയ്യുന്ന പുതിയ ചിത്രം ആരംഭിച്ചിരിക്കുകയാണ്. ഓഹ് മൈ ഡാർലിംഗ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം പൂജ ചടങ്ങുകളോടെ ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞു. ആഷ് ട്രീ വെഞ്ചുവേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠ നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ആൽഫ്രഡ് ഡി സാമുവലാണ്. മെൽവിൻ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ളൈ, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ൻ ഡേവിസ്, ഫുക്രു, ഋതു, സോഹൻ സീനുലാൽ തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അനിഖക്കൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്.


ജിനീഷ് കെ ജോയ് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടറായി ജോലി ചെയ്യുന്നത് വിജീഷ് പിള്ളയാണ്. ഷാൻ റഹ്മാൻ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് അൻസാർ ഷായാണ്. ലിജോ പോളാണ് ഈ ചിത്രത്തിന്റെ എഡിറ്റർ. 2010 ഇൽ റിലീസ് ചെയ്ത കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച അനിഖ സുരേന്ദ്രൻ അതിന് ശേഷം ഫോർ ഫ്രണ്ട്സ്, ബാവൂട്ടിയുടെ നാമത്തിൽ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ഭാസ്കർ ദി റാസ്കൽ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. തമിഴിൽ അജിത്തിനൊപ്പം അഭിനയിച്ച യെന്നൈ അറിന്താൽ, വിശ്വാസം എന്നിവയും വിജയ് സേതുപതി- നയൻതാര ചിത്രമായ നാനും റൗഡി താനും അനിഖക്കു വലിയ പ്രശസ്തിയാണ് നേടിക്കൊടുത്തത്. മിരുത്ൻ, ദി ഗ്രേറ്റ് ഫാദർ, ജോണി ജോണി യെസ് അപ്പാ, മാമനിതൻ എന്നീ ചിത്രങ്ങളിലും അനിഖ അഭിനയിച്ചിട്ടുണ്ട്.
