പ്രശസ്ത മലയാള ഹാസ്യ താരമായ ശശി കലിംഗ ഇന്ന് പുലർച്ചെ അന്തരിച്ചു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അൻപത്തിയൊന്പത് വയസ്സുണ്ടായിരുന്ന ശശി കലിംഗ കരൾ രോഗത്തിന് ചികിത്സയിലായിരുന്നു. നാടക രംഗത്ത് നിന്നും സിനിമയിലെത്തിയ അദ്ദേഹത്തിന്റെ യഥാർത്ഥ പേര് വി ചന്ദ്രകുമാർ എന്നായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ പാലേരി മാണിക്യത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ശശി കലിംഗയുടെ കരിയറിലെ പ്രധാനപ്പെട്ട ചിത്രങ്ങൾ ഇന്ത്യൻ രൂപീ, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്, ആമേൻ, വെള്ളിമൂങ്ങ, കസബ, പുലി മുരുകൻ തുടങ്ങിയവയായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ആമേൻ എന്ന ചിത്രത്തിലെ ശശി കലിംഗയുടെ വേഷം ഏറെ കയ്യടി നേടിയിരുന്നു. ആമേൻ എന്ന വാക്കുകളോടെ ശശി കലിംഗയുടെ ഫോട്ടോ പങ്കു വെച്ച് കൊണ്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചത്. മോഹൻലാൽ, മമ്മൂട്ടി, ടോവിനോ തോമസ്, ചെമ്പൻ വിനോദ് തുടങ്ങി മലയാള സിനിമയിലെ പ്രമുഖരെല്ലാം ശശി കലിംഗക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് മുന്നോട്ടു വന്നിട്ടുണ്ട്.
മമ്മൂട്ടി തനിക്കു മൂത്ത ചേട്ടനും മോഹൻലാൽ തന്റെ അടുത്ത സുഹൃത്തുമാണെന്നാണ് ശശി കലിംഗ പറഞ്ഞിട്ടുള്ളത്. അതുപോലെ രഞ്ജിത്ത് എന്ന സംവിധായകൻ ഇല്ലെങ്കിൽ ശശി കലിങ്ക എന്ന സിനിമാ താരവും ഉണ്ടാവില്ല എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. രഞ്ജിത്ത് തനിക്കു വല്യമ്മാവൻ ആണെന്നാണ് ശശി കലിംഗ പറയാറുള്ളത്. ശ്രീനിവാസൻ നായകനായ കുട്ടിമാമ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. അറുപതിലധികം സിനിമകളിലഭിനയിച്ച ശശി കലിംഗ ഇരുപത്തിയഞ്ചു വർഷത്തോളം നാടകങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏകദേശം അഞ്ഞൂറിലധികം നാടകങ്ങളിലാണ് ശശി കലിംഗ അഭിനയിച്ചിട്ടുള്ളത്.