തമിഴ്‌നാട്ടിൽ റിലീസിന് മുൻപേ റെക്കോർഡ് സ്ഥാപിച്ച് ഗോൾഡ്; അൽഫോൻസ് പുത്രൻ ചിത്രം വരുന്നു

Advertisement

സൂപ്പർ ഹിറ്റ് സംവിധായകൻ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ ഗോൾഡ് ഓണം റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. സെപ്റ്റംബർ എട്ടിനാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ, ലേഡി സൂപ്പർ സ്റ്റാർ നയൻതാര എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, ഒരു ടീസർ എന്നിവ വമ്പൻ ഹിറ്റായിരുന്നു. സൂപ്പർ ഹിറ്റായ നേരം, ബ്ലോക്ക്ബസ്റ്ററായ പ്രേമം എന്നിവക്ക് ശേഷം അൽഫോൻസ് പുത്രനൊരുക്കിയ ചിത്രമാണ് ഗോൾഡ്. പ്രേമം എന്ന ചിത്രം തമിഴ്‌നാട്ടിലടക്കം ട്രെൻഡ് സെറ്ററായി മാറിയിരുന്നു. അതുകൊണ്ട് തന്നെ ഗോൾഡ് എന്ന ചിത്രവും ഏറെ പ്രതീക്ഷകളോടെയാണ് തമിഴ്‌നാട്ടിലെ പ്രേക്ഷകരും കാത്തിരിക്കുന്നത്. പ്രേമം എഫക്റ്റും, ലേഡി സൂപ്പർ സ്റ്റാർ നയൻ താരയുടെ സാന്നിധ്യവും എല്ലാം കൂടി ചേർന്നപ്പോൾ റിലീസിന് മുൻപ് തന്നെ ഗോൾഡ് തമിഴ്‌നാട്ടിൽ ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചു കഴിഞ്ഞു.

എസ്എസ്ഐ പ്രൊഡക്ഷന്‍സ് ആണ് ഗോള്‍ഡിന്‍റെ തമിഴ്നാട് തിയറ്റര്‍ വിതരണാവകാശം സ്വന്തമാക്കിയത്. 1.25 കോടി രൂപ നൽകിയാണ് അവർ ഈ അവകാശം നേടിയതെന്നാണ് സൂചന. ഒരു മലയാള സിനിമയ്ക്ക്, തമിഴ്‌നാട്ടിൽ നിന്നും ലഭിക്കുന്ന ഏറ്റവും വലിയ വിതരണാവകാശ തുകയാണ് ഇത്. മലയാളത്തിലും തമിഴിലും ഒരേ ദിവസമാണ് ഗോൾഡ് റിലീസ് ചെയ്യുക. തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ ദിവസം കളിച്ച മലയാള ചിത്രമെന്ന റെക്കോർഡും അൽഫോൻസ് പുത്രന്റെ പ്രേമത്തിനാണ്. ചെന്നൈയിൽ 275 ദിവസത്തോളമാണ് പ്രേമം കളിച്ചത്. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ മേനോൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഗോൾഡ് രചിച്ചതും അൽഫോൻസ് പുത്രൻ തന്നെയാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close