ദുൽഖർ സൽമാനെ നായകനായി 2013 ൽ പുറത്തിറങ്ങിയ ചിത്രം എ. ബി. സി. ഡി യുടെ തെലുങ്ക് പതിപ്പ് ഒരുങ്ങുന്നുവെന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ദുൽഖർ സൽമാൻ അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത് അല്ലു അർജ്ജുന്റെ അനുജനും നടനുമായ അല്ലു സിരീഷ് ആയിരിക്കും. അല്ലു സിരീഷ് തന്നെയാണ് ഇക്കാര്യം അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. എ.ബി.സി.ഡി യുടെ കഥ തന്നെ വല്ലാതെ ആകർഷിച്ചു എന്നും അത് തന്നെ വളരെയധികം ചിരിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെയാണ് ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റിപ്പെടുന്നത് എന്നും അദ്ദേഹം പറയുകയുണ്ടായി. ചിത്രത്തിലെ കഥാപാത്രം തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി മാറുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയുണ്ടായി.
ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച ചിത്രത്തിൽ ദുൽഖർ സൽമാനും ഗ്രിഗറിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിൽ വില്ലനായി എത്തിയിരുന്നത് ടോവിനോ തോമസ് ആയിരുന്നു. അമേരിക്കയിൽ ജനിച്ചുവളർന്ന മലയാളികളായ ജോൺസും കോരയും നാട്ടിൽ പഠിക്കാനെത്തുന്നത് ചിത്രത്തിലെ പ്രധാന ഇതിവൃത്തം. പണക്കാരുടെ മക്കൾ ആയതിനാൽ തന്നെ വലിയ ജീവിതം നയിച്ചിരുന്ന ഇവർ പിന്നീട് കേരളത്തിലെത്തുന്നതിനെത്തുടർന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിൽ ഹാസ്യരൂപേണ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഹിറ്റ് ആകുന്നതിനോടൊപ്പം യുവാക്കളുടെ ഇടയിൽ ചിത്രം വളരെയധികം തരംഗം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ദുൽഖറിനെ സൂപ്പർതാരം ആക്കുന്നതിൽ ചിത്രം വലിയ പങ്കുവഹിച്ചിരുന്നു. അല്ലു സിരീഷിനും ഈ ഭാഗ്യം ചിത്രത്തിലൂടെ സംഭവിക്കുമെന്നാണ് ആരാധകരും പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്. മോഹൻലാൽ ചിത്രമായ 1971 ബിയോൻഡ് ബോർഡേർസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും സിരിഷ് എത്തിയിട്ടുണ്ട്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു എ. ബി. സി. ഡി. അല്ലു സിരീഷ് നായകനായെത്തുന്ന തെലുങ്ക് ചിത്രത്തിൻറെ സംവിധാനം നവാഗതനായ സഞ്ജീവ് റെഡ്ഡി ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണിൽ ആരംഭിക്കും. ചിത്രത്തിന്റെ കാസ്റ്റിങ് നടപടികൾ പുരോഗമിക്കുന്നു.