
പ്രേക്ഷകർക്ക് എന്നും ഇഷ്ടമുള്ള ഒരു സിനിമാ വിഭാഗമാണ് സ്പോർട്സ് ഡ്രാമകൾ. ആവേശവും വൈകാരിക തീവ്രതയുമുള്ള ഇത്തരം ചിത്രങ്ങൾ എന്നും അവർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. അത്തരമൊരു ചിത്രമാണ് ഇന്ന് കേരളത്തിൽ പ്രദർശനമാരംഭിച്ച ആലപ്പുഴ ജിംഖാന. സ്പോർട്സ്, ആക്ഷൻ, കോമഡി എന്നിവ കൃത്യമായി കോർത്തിണക്കിയ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഖാലിദ് റഹ്മാൻ ആണ്. ഖാലിദ് റഹ്മാനൊപ്പം ശ്രീനി ശശീന്ദ്രൻ തിരക്കഥ രചിച്ച ഈ ചിത്രത്തിന് സംഭാഷണങ്ങൾ രചിച്ചത് രതീഷ് രവിയാണ്. പ്ലാൻ ബി മോഷൻ പിക്ചേഴ്സ്, റീലിസ്‌റ്റിക് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പഠനത്തിൽ പരാജയപ്പെട്ട ഒരു കൂട്ടം യുവാക്കൾ സ്പോർട്സ് ക്വാട്ടയിലൂടെ ഒരു കോളേജിൽ ചേരാൻ ലക്ഷ്യമിടുന്നു. അവർ അവരുടെ കായിക ഇനമായി ബോക്സിങ് തിരഞ്ഞെടുക്കുന്നു. ഭാഗ്യവശാൽ, അവർക്ക് ജില്ലാ തല മത്സരങ്ങളെ അതിജീവിച്ചു മുന്നോട് പോകാൻ കഴിയും. എന്നാൽ അതിന് ശേഷം അവരുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്നതാണ് ചിത്രം അവതരിപ്പിക്കുന്നത്. അവിടെ അവർ നേരിടേണ്ടി വരുന്നത് ബോക്‌സിംഗിനോട് യഥാർത്ഥമായി പാഷൻ ഉള്ള ഒരു കൂട്ടം ചെറുപ്പക്കാരെയാണ്. നസ്ലൻ, ലുഖ്മാൻ, ഗണപതി, സന്ദീപ്, ഫ്രാങ്കോ, ബേബി ജീൻ, അനഘ രവി എന്നിവരുടെ കഥാപാത്രങ്ങളിലൂടെയാണ് ചിത്രം പ്രധാനമായും വികസിക്കുന്നത്.
വളരെ വെല്ലുവിളി നിറഞ്ഞ ഒരു സ്പോർട്സ് കോമഡി ഡ്രാമ പ്രേക്ഷകരുടെ മനസ്സിലെത്തിച്ചു കൊണ്ട് വീണ്ടും കയ്യടി നേടാൻ ഖാലിദ് റഹ്മാൻ എന്ന സംവിധായകന് സാധിക്കുന്നുണ്ട്. വളരെ ആവേശകരമായ രീതിയിൽ ചിത്രമൊരുക്കാനുള്ള തന്റെ കഴിവാണ് ഒരിക്കൽ കൂടി അദ്ദേഹം നമ്മുക്ക് കാണിച്ചു തരുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ചിത്രത്തിനൊപ്പം സഞ്ചരിപ്പിച്ചു കൊണ്ട് കഥ പറയുന്നതിൽ വിജയം നേടിയിരിക്കുകയാണ് ഈ സംവിധായകൻ . വളരെ രസകരമായ ഒരു തിരക്കഥക്ക് അതി മനോഹരമായ രീതിയിലാണ് ഈ സംവിധായകൻ ദൃശ്യ ഭാഷയൊരുക്കിയത്. ആകാംഷയും ആവേശവും വൈകാരിക രംഗങ്ങളും ആക്ഷനും കോമെഡിയും പ്രണയവും എല്ലാം ചേർന്ന ഒരു കമ്പ്ലീറ്റ് പാക്കേജ് ആണ് ഖാലിദ് റഹ്മാനും ടീമും പ്രേക്ഷകർക്ക് മുന്നിൽ ഒരുക്കിയത്. അതോടൊപ്പം, കഥാ സന്ദർഭങ്ങളിൽ കൊണ്ട് വന്ന പുതുമയും സംഭാഷണങ്ങളിൽ കൊണ്ട് വന്ന ഹാസ്യവും ആവേശവും സ്വാഭാവികതയും ചിത്രത്തിലെ കഥയേയും കഥാപാത്രങ്ങളെയും പ്രേക്ഷകരിലേക്ക് കൂടുതൽ എത്തിക്കുന്നതിനും കാരണമായി. ഒരു നിമിഷം പോലും രസച്ചരട് പൊട്ടാതെ, യുവ പ്രേക്ഷകരുടെ പൾസ് അറിഞ്ഞു തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നതും അതിന് ദൃശ്യ ഭാഷ പകർന്നിരിക്കുന്നതും. കോമഡി നന്നായി വർക്ക് ഔട്ട് ആയത് ആണ് ചിത്രത്തിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ്.
പ്രേമലുവിനു ശേഷം ഒരിക്കൽ കൂടി ഗംഭീര പ്രകടനമാണ് ഇതിലെ പ്രധാന കഥാപാത്രമായ ജോജോ ആയി നസ്ലെൻ നൽകിയത്. ശാരീരികമായും നസ്ലൻ ഈ ചിത്രത്തിനായി ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട് എന്നത് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ കണ്ടാൽ മനസ്സിലാക്കാൻ സാധിക്കും. അത്ര മികച്ച രീതിയിൽ ആ രംഗങ്ങൾ ഈ യുവതാരം അവതരിപ്പിച്ചിട്ടുണ്ട്. അത് പോലെ തന്നെ ലുഖ്മാൻ നടത്തിയ പ്രകടനവും പ്രശംസയർഹിക്കുന്നു.പ്രേക്ഷകരുടെ കയ്യടി നേടുന്ന കരുത്തുറ്റ പെർഫോമൻസ് ആണ് ഈ യുവ നടനും നൽകിയത്. ഗണപതി, സന്ദീപ് പ്രദീപ്, ഫ്രാങ്കോ, ബേബി ജീൻ, ശിവ ഹരിഹരൻ എന്നിവരും തങ്ങളുടെ ഏറ്റവും മികച്ചത് തന്നെ ചിത്രത്തിനായി നൽകിയപ്പോൾ, അനഘ രവി, നന്ദ നിഷാന്ത് എന്നിവരും തങ്ങളുടെ പ്രകടനം കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ റെഡ്‌ഡിൻ കിങ്‌സ്‌ലി, ഷൈൻ ടോം ചാക്കോ, കോട്ടയം നസീർ, ഷോൺ, കാർത്തിക്, ജിനു ജോസഫ്, നോയ്‌ല ഫ്രാൻസി എന്നിവരും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ ഈ ചിത്രത്തിനായി നൽകി.
മനോഹരമായതും അതോടൊപ്പം ചിത്രത്തിന്റെ ആവേശം പ്രേക്ഷകരിലേക്ക് പകർന്നു നൽകുന്നതുമായ ദൃശ്യങ്ങൾ ഈ ചിത്രത്തിന് വേണ്ടി ഒരുക്കിയത് ജിംഷി ഖാലിദ് ആണ്. ബോക്സിങ് രംഗങ്ങൾ ഒരുക്കിയതിലെ പ്രൊഫഷണൽ ആയ സമീപനം അദ്ദേഹത്തിന്റെ കാമറ വർക്കിനെ വേറിട്ട് നിർത്തി. വിഷ്ണു വിജയ് ഒരുക്കിയ സംഗീതം പതിവ് പോലെ ത്രസിപ്പിച്ചപ്പോൾ, നമ്മളെ വിട്ടു പോയ നിഷാദ് യൂസഫ് എന്ന എഡിറ്റർ ചിത്രത്തിന്റെ മൂഡ് അറിഞ്ഞു തന്നെ ചിത്രം എഡിറ്റ് ചെയ്തിട്ടുണ്ട് എന്നതും എടുത്തു പറയണം.
ചുരുക്കി പറഞ്ഞാൽ, തികഞ്ഞ ഒരു എന്റെർറ്റൈനെർ ആണ് ആലപ്പുഴ ജിംഖാന. പ്രേക്ഷകന് പുതുമയുടെ സുഖം നൽകുന്ന ആവേശകരമായ ഒരു സിനിമാനുഭവമെന്ന് ഈ ചിത്രത്തെ നമ്മുക്ക് വിശേഷിപ്പിക്കാം. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്താനാകും എന്നതാണ് ഈ ചിത്രത്തിന്റെ മികവ്.