മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളിൽ ഒന്നാണ് ‘പേരൻപ്’. വർഷങ്ങൾക്ക് ശേഷം തമിഴ് സിനിമയിലൂടെ വലിയൊരു തിരിച്ചു വരവിന് ഒരുങ്ങുകയാണ് താരം. നാഷണൽ അവാർഡ് ജേതാവായ റാമാണ് ‘പേരൻപ്’ സംവിധാനം ചെയ്യുന്നത്. അമുധവൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അഞ്ജലിയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ടീസറും ഏറെ ശ്രദ്ധേയമായിരുന്നു. മമ്മൂട്ടി എന്ന നടന്റെ അഭിനയ പ്രകടനം കൊണ്ട് വിസ്മയം തീർത്ത ടീസർ എന്നായിരുന്നു പ്രേക്ഷകർ ടീസറിനെ വിലയിരുത്തിയിരുന്നത്. പേരൻപിന്റെ ഓഡിയോ ലോഞ്ചും വലിയ ജനാവലിയെ സാക്ഷിയാക്കി നടത്തുകയുണ്ടായി. ചിത്രം അണിയറയിൽ റിലീസിനായി ഒരുങ്ങുകയാണ്.
മമ്മൂട്ടിയുടെ പേരൻപിലെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് ഒരുപാട് താരങ്ങൾ മുന്നോട്ട് വന്നിരുന്നു. സംവിധായകൻ റാമിന് മമ്മൂട്ടിയോടൊപ്പം ഒരു സിനിമ ചെയ്യണം എന്നുള്ളത് ഒരു വലിയ സ്വപ്നമായിരുന്നു. റാം പ്ലസ് ടുവിന് പഠിക്കുന്ന സമയത്തായിരുന്നു ‘സുകൃതം’ എന്ന മമ്മൂട്ടി ചിത്രം കാണുവാൻ ഇടയായത്. എം. ടി വാസുദേവൻ നായരുടെ തിരകഥയിൽ ഹരി കുമാറായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. മികച്ച മലയാള സിനിമക്കുള്ള നാഷണൽ അവാർഡ് വരെ മമ്മൂട്ടി ചിത്രം ‘സുകൃതം’ സ്വന്തമാക്കിയിരുന്നു. മമ്മൂട്ടിയുടെ പ്രകടനത്തെ ഞെട്ടലോടെ നോക്കി നിന്ന റാം സംവിധായകനാവുമ്പോൾ അദ്ദേഹത്തിന്റെയൊപ്പം ഒരു സിനിമ ചെയ്യുമെന്ന് തീരുമാനിച്ചിരുന്നു. 20 വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് താൻ മമ്മൂട്ടിയോടപ്പം ഒരു സിനിമ ചെയ്യുന്നതെന്ന് റാം പേരൻപ് ഓഡിയോ ലോഞ്ചിൽ പറയുകയുണ്ടായി. തങ്ക മീൻകൾ എന്ന ചിത്രത്തിലൂടെ നാഷണൽ അവാർഡ് ജേതാവ് കൂടിയാണ് റാം. തങ്ക മീൻകൾ പോലെതന്നെ ശക്തമായ ഒരു പ്രമേയം തന്നെയാണ് പേരൻപിലും ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ മാസം ചൈനയിലെ ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. മലയാളി താരങ്ങളായ സുരാജും സിദ്ദിക്കും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. യുവൻ ശങ്കർ രാജയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. തേനി ഈശ്വരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സൂര്യ പ്രദമനാണ്. ശ്രീ രാജ ലക്ഷ്മി ഫിലിംസിന്റെ ബാനറിൽ തേനപ്പനാണ് ചിത്രം നിർമ്മിക്കുന്നത്.