ഒരൊറ്റ ചിത്രം കൊണ്ട് തന്നെ മലയാളി പ്രേക്ഷകർ ഓർക്കുന്ന മുഖമാണ് ദീപ്തി പിള്ളയുടേത്. കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി വേണു നാഗവള്ളി സംവിധാനം ചെയ്ത ചിത്രമായിരുന്നു കളിപ്പാട്ടം. പ്രേക്ഷക ശ്രദ്ധയും നിരൂപക ശ്രദ്ധയും ഒരുപോലെ നേടിയ ഈ ചിത്രത്തിൽ, മോഹൻലാൽ, ഉർവശി എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ മകൾ ആയാണ് ദീപ്തി പിള്ള അഭിനയിച്ചത്. ദേശീയ പുരസ്കാര ജേതാവായ ശിവന്റെ മകനും സംവിധായകനുമായ സഞ്ജീവ് ശിവന്റെ ഭാര്യയാണ് ദീപ്തി പിള്ള ഇന്ന്. സന്തോഷ്, സംഗീത് ശിവൻമാരുടെ ഏറ്റവും ഇളയ സഹോദരൻ ആണ് സഞ്ജീവ് ശിവൻ. മികച്ച അഭിനേത്രി എന്ന് പ്രശംസ നേടിയ ഈ നടി ഇപ്പോൾ താനൊരു മികച്ച സംവിധായിക കൂടിയാണ് എന്ന് തെളിയിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
ദീപ്തി സംവിധാനം ചെയ്ത ഡീകോഡിംഗ് ശങ്കർ എന്ന ഡോക്യുമെന്ററിയ്ക്ക് ടോറേന്റോ ഇന്റർനാഷണൽ വിമൻസ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഡോക്യുമെന്ററി അവാർഡ് അടക്കം ഒട്ടേറെ ഇന്റർനാഷണൽ അവാർഡുകൾ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ശങ്കർ മഹാദേവന്റെ ബയോഗ്രഫിയാണ് ദീപ്തി പിള്ള ഒരുക്കിയ ഡീകോഡിംഗ് ശങ്കർ. മൂന്നിലൊന്ന് എന്നൊരു ചിത്രത്തിലും പണ്ട് അഭിനയിച്ചിട്ടുള്ള ദീപ്തി, ഭർത്താവു സഞ്ജീവ് ശിവൻ സംവിധാനം ചെയ്ത അപരിചിതൻ എന്ന മമ്മൂട്ടി ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ആയും ജോലി ചെയ്തിട്ടുണ്ട്. ഇത് കൂടാതെ സീ എന്റർടെയിൻമെന്റ് എന്റർപ്രൈസ് ലിമിറ്റഡിന്റെ ബിസിനസ് ഹെഡ്ഡായും ദീപ്തി ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്. 1993 ഇലാണ് മോഹൻലാൽ- വേണു നാഗവള്ളി കൂട്ടുകെട്ടിൽ ഒരുങ്ങിയ കളിപ്പാട്ടം റിലീസ് ചെയ്തത്. ചിത്രത്തിലെ ദീപ്തിയുടെ പ്രകടനം അന്ന് വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.