നടൻ നെടുമുടി വേണു ആശുപത്രിയിൽ; ഗുരുതരാവസ്ഥയിലെന്നു റിപ്പോർട്ട്..!

Advertisement

മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ നെടുമുടി വേണുവിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലാണ് എന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. അദ്ദേഹം ഒന്നിലധികം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു എന്നാണ് പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ ആണ് ഇപ്പോൾ അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. തിയേറ്ററിലും ഒടിടി പ്ലാറ്റ്‌ഫോമിലും പ്രദർശനത്തിനെത്തിയ ആണും പെണ്ണും എന്ന സിനിമയിലാണ് നെടുമുടി വേണു അടുത്തു അഭിനയിച്ചത്. ഇത് കൂടാതെ ഇനി റിലീസ് ചെയ്യാനുള്ള ബ്രഹ്മാണ്ഡ മോഹൻലാൽ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും അതുപോലെ തന്നെ മറ്റൊരു വമ്പൻ മോഹൻലാൽ ചിത്രമായ ആറാട്ടിലും നെടുമുടി വേണു അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ പുഴു എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിക്കുന്നുണ്ട് എന്ന് വാർത്തകൾ വന്നിരുന്നു.

ഡോ: ബിജു സംവിധാനം ചെയ്യുന്ന ഓറഞ്ച് മരങ്ങളുടെ വീട് എന്ന ചിത്രത്തിലും പ്രധാന വേഷം ചെയ്യുന്ന അദ്ദേഹം, കമൽ ഹാസൻ നായകനാവുന്ന ഷങ്കർ ചിത്രം ഇന്ത്യൻ 2 ലും അഭിനയിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. അദ്ദേഹത്തിന് കോവിഡ് സ്ഥിതീകരിച്ചിരുന്നു എന്നും അതിനു ശേഷമാണു മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതു എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇപ്പോൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് വാർത്തകൾ പറയുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യ നില നിരീക്ഷിച്ചു വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട് എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏതായാലും ഈ വാർത്ത, മലയാള സിനിമാ പ്രേമികളെയും സിനിമാ ലോകത്തെയും വിഷമത്തിലാഴ്ത്തിയിരിക്കുകയാണ് എന്ന് തന്നെ പറയാം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close