ഓരോ നിമിഷവും ഉദ്വേഗവും ആകാംക്ഷയും നിറയ്ക്കുന്ന രംഗങ്ങളുമായി തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണയോടെ ‘തങ്കമണി’ രണ്ടാം വാരവും മുന്നേറുകയാണ്. 1986 ല്‍ ഇടുക്കി ജില്ലയിലെ ‘തങ്കമണി’യില്‍ നടന്ന പൊലീസ് നരനായാട്ട് വിഷയമാക്കി എത്തിയിരിക്കുന്ന ‘തങ്കമണി’ എന്ന ചിത്രം പ്രേക്ഷകർ ഏറെനാളായി കാണാനായി കാത്തിരുന്ന സിനിമയാണ്. ആ കാത്തിരിപ്പ് സഫലമായിരിക്കുകയാണ് ഇപ്പോള്‍. യഥാര്‍ത്ഥത്തിൽ നടന്ന സംഭവമായതിനാൽ തന്നെ ആ സംഭവത്തിലുള്‍പ്പെട്ട മനുഷ്യരുടെ വൈകാരികതലം കൂടി വ്യക്തമായി സിനിമയിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെന്ന് പ്രേക്ഷകർ സമ്മതിക്കുന്നു. തിയേറ്ററുകളിൽ ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രേക്ഷക പിന്തുണ അത് അടിവരയിടുന്നുമുണ്ട്.
കട്ടപ്പന- തങ്കമണി റൂട്ടില്‍ ഓടിയിരുന്ന ഒരു സ്വകാര്യ ബസിലെ ജീവനക്കാര്‍ക്കും തങ്കമണിക്കാരായ കോളേജ് വിദ്യാര്‍ഥികള്‍ക്കുമിടയില്‍ ആരംഭിച്ച തര്‍ക്കവും സംഘര്‍ഷവും എങ്ങനെയാണ് ഒരു നാടും പോലീസ് സംവിധാനവും തമ്മിലുള്ള സംഘര്‍ഷമായി മാറിയതെന്നതാണ് സിനിമയുടെ ഇതിവൃത്തം. യഥാര്‍ത്ഥത്തിൽ നടന്ന ഈ സംഭവവും കൂടെ ഫിക്ഷന്‍റെ സാധ്യതകളും ഉപയോഗപ്പെടുത്തി സിനിമാറ്റിക് രീതിയിലാണ് സംവിധായകൻ രതീഷ് രഘുനന്ദന്‍ സിനിമ ഒരുക്കിയിരിക്കുന്നത്.
ദിലീപ് അവതരിപ്പിച്ച ആബേല്‍ ജോഷ്വ മാത്തന്‍ എന്ന കഥാപാത്രത്തിന്‍റെ ജീവിതത്തിലൂടെയാണ് സിനിമ മുന്നേറുന്നത്. തങ്കമണി എന്ന സ്ഥലത്ത് നടന്ന മൃഗീയമായ പോലീസ് നടപടികളില്‍ ഇരകളാക്കപ്പെട്ടവരുടെ അനേകം നിരപരാധികളിൽ ഒരാളാണ് ഈ കഥാപാത്രം. താനും കുടുംബവും നാടും അനുഭവിച്ച പീഡനപർവ്വങ്ങൾക്കെതിരെ അയാള്‍ ഇറങ്ങി തിരിക്കുന്നിടത്താണ് സിനിമ മറ്റൊരു തലത്തിലേക്ക് മാറുന്നത്. പ്രണയവും പ്രതികാരവും സസ്പെൻസുമൊക്കെ നിറച്ച് മികച്ചൊരു ദൃശ്യവിരുന്ന് കൂടിയാക്കിയിരിക്കുകയാണ് തങ്കമണി.
ആകാംക്ഷ നിറയ്ക്കുന്ന സംഭവങ്ങളിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുവാനും ഒപ്പം കഥാപാത്രങ്ങളുടെ വൈകാരികമായ അനുഭവം പകരാനും സംവിധായകന് സാധിച്ചിട്ടുണ്ട് എന്നതാണ് സിനിമയുടെ വിജയമെന്ന് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നു. മികവുറ്റ ഛായാഗ്രഹണവും കലാസംവിധാനവും സംഗീതവുമാണ് സിനിമയിലേതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.