ടോവിനോയെ നായകനാക്കി നവാഗതനായ വിഷ്ണു നാരായൺ സംവിധാനം ചെയ്ത ചിത്രമാണ് ‘മറഡോണ’. മായാനദിക്ക് ശേഷം ടോവിനോയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കൂടിയാണിത്. ശരണ്യ ആർ. നായരാണ് നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ആക്ഷൻ, റൊമാൻസ് എന്നിവയ്ക്ക് തുല്യ പ്രാധാന്യം നൽകികൊണ്ട് ഒരു മുഴുനീള എന്റർട്ടയിനറായാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. വൻ വരവേൽപ്പോട് കൂടിയാണ് സിനിമ പ്രേമികൾ മറഡോണയെ സ്വീകരിച്ചത്. മികച്ച പ്രതികരണം നേടികൊണ്ട് ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. മറഡോണ ടീമിനെ പ്രശംസിച്ചുകൊണ്ട് ഒരുപാട് വ്യക്തികളും മുന്നോട്ട് വന്നിരുന്നു.
മറഡോണയുടെ സംവിധായകൻ വിഷ്ണു നാരായണനെ അഭിനന്ദിച്ച് മായാനദിയുടെ സംവിധായകൻ ആഷിഖ് അബു രംഗത്തെത്തിയിരിക്കുകയാണ്. ആഷിഖ് അബുവിന്റെ ശിഷ്യൻ എന്ന് തന്നെ വിഷ്ണു നാരായണനെ വിശേഷിപ്പിക്കാം. ഒരുപാട് വർഷങ്ങൾ ആഷിഖ് അബുവിന്റെ അസ്സോസിയേറ്റ് ഡയറക്ടറായി വിഷ്ണു വർക്ക് ചെയ്തിട്ടുണ്ട്. വർഷങ്ങളോളം കൂടെയുണ്ടായിരുന്ന സഹപ്രവത്തകന്റെ ആദ്യ ചിത്രത്തിന്റെ വിജയം പങ്കെടുവാൻ ആഷിഖ് അബു തന്റെ ഫേസ്ബുക് പേജിലൂടെയാണ് അഭിനന്ദനം അറിയിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനം കവർന്ന സംവിധായകനായി ഭാവിയിൽ വിഷ്ണു അറിയപ്പെടും. ടോവിനോ എന്ന നടന് ആശാനും ശിഷ്യനും കൂടി രണ്ട് നല്ല സിനിമകളാണ് കരിയറിൽ സമ്മാനിച്ചിരിക്കുന്നത്. മായാനദിക്ക് ശേഷം എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തിയ ചിത്രമായി മറഡോണ മാറിയിരിക്കുകയാണ്. ആഷിഖ് അബുവിനെ കൂടാതെ ദിലീഷ് പോത്തന്റെയൊപ്പവും അസ്സോസിയേറ്റ് ഡയറക്ടറായി വിഷ്ണു വർക്ക് ചെയ്തിട്ടുണ്ട്.
കൃഷ്ണ മൂർത്തിയാണ് മറഡോണയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ലിയോണ ലിഷോയ്, ശാലു റഹിം, ടിറ്റോ വിൽസൺ, കിച്ചു ടെല്ലുസ്, നിസ്റ്റർ അഹമ്മദ്, ജീൻസ് ഭാസ്‌കർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ദീപക് ഡി. മേനോനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സുഷിൻ ശ്യമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സൈജു ശ്രീധരനാണ്. മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ്‌കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.