സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ കാല എന്ന ചിത്രം കേരളത്തിൽ വിതരണം ചെയ്തതിനു ശേഷം മിനി സ്റ്റുഡിയോ മലയാളത്തിൽ നിർമ്മിച്ച് വിതരണം ചെയ്യുന്ന ചിത്രമാണ് ടോവിനോ തോമസ് നായകനായ മറഡോണ. ഈ വെള്ളിയാഴ്ച റിലീസ് ചെയ്യാൻ പോകുന്ന ഈ സിനിമ സംവിധാനം ചെയ്തത് നവാഗതനായ വിഷ്ണു നാരായണൻ ആണ്. എസ് വിനോദ് കുമാർ നിർമ്മിച്ച ഈ ചിത്രത്തിന്റെ എക്സികുട്ടീവ് പ്രൊഡ്യൂസർ സുകുമാരൻ തെക്കേപ്പാട്ടു ആണ്. ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലൂടെ തമിഴിലെ പ്രശസ്തനായ സ്റ്റണ്ട് മാസ്റ്റർ രാജശേഖരൻ മാസ്റ്റർ മലയാളത്തിലേയ്ക്ക് വീണ്ടും എത്തിയിരിക്കുകയാണ്. ആടുകളം, സുബ്രഹ്‌മണ്യപുരം, റെനിഗുണ്ട, നാടോടികൾ തുടങ്ങി ഒരുപിടി മികച്ച തമിഴ് ചിത്രങ്ങൾക്കു ആക്ഷൻ രംഗങ്ങൾ ഒരുക്കി ശ്രദ്ധ നേടിയിട്ടുള്ള രാജശേഖരൻ മാസ്റ്റർ വളരെ റിയലിസ്റ്റിക് ആയുള്ള സംഘട്ടന രംഗങ്ങൾ ഒരുക്കുന്നതിൽ പ്രഗത്ഭൻ ആണ്.
മറഡോണ ഒരു ആക്ഷൻ ചിത്രം അല്ലെങ്കിൽ കൂടി ഇതിൽ ആക്ഷനും മികച്ച സ്പേസ് സംവിധായകൻ നൽകിയിട്ടുണ്ട് എന്നാണ് സൂചന. വളരെ റിയലിസ്റ്റിക് ആയ ആക്ഷൻ രംഗങ്ങൾ തന്നെ ആയിരിക്കും മറഡോണയിലെ സംഘട്ടനങ്ങളെയും ശ്രദ്ധയിൽ എത്തിക്കാൻ പോകുന്നത്. രാജശേഖരൻ മാസ്റ്റർ നൽകിയ ഏറ്റവും മികച്ച സംഭാവന ഈ ചിത്രത്തിൽ പ്രേക്ഷകർക്ക് കാണാൻ കഴിയും എന്ന് തന്നെയാണ് അണിയറ പ്രവർത്തകർ വിശ്വസിക്കുന്നത്. ആക്ഷനും റൊമാന്സും വൈകാരിക മുഹൂർത്തങ്ങളും സംഗീതവും ഫാമിലി ഡ്രാമയും എല്ലാം ചേർന്ന ഒരു കമ്പ്ലീറ്റ് പാക്കേജ് ആയാണ് വിഷ്ണു നാരായണൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. കൃഷ്ണമൂർത്തി തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ചെമ്പൻ വിനോദും വളരെ നിർണ്ണായകമായ ഒരു കഥാപാത്രം ചെയ്തിട്ടുണ്ട്.