
രണ്ടു വർഷം മുൻപ്, അതായതു കൃത്യമായി പറഞ്ഞാൽ, 2015ൽ മലയാള സിനിമ പ്രേമികളുടെ ഇടയിൽ ഒരുപാട് സ്വാധീനം ഉണ്ടാക്കിയ ചിത്രമാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്തു ജയസൂര്യ നായകനായി എത്തിയ ആട് ഒരു ഭീകര ജീവിയാണ് എന്ന ഫൺ മൂവി. മിഥുൻ മാനുവൽ തോമസിന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു ഈ ചിത്രം. അതിനു ശേഷം ആൻ മരിയ കലിപ്പിലാണ്, അലമാര തുടങ്ങിയ രണ്ടു ചിത്രങ്ങൾ കൂടി സംവിധാനം ചെയ്തെങ്കിലും മിഥുൻ മാനുവൽ തോമസ് ഇപ്പോഴും അറിയപ്പെടുന്നത് ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ സംവിധായകൻ എന്ന നിലയിലാണ്. അത് പോലെ ഫ്രൈഡേ ഫിലിം ഹൌസ് നിർമ്മിച്ച ചിത്രങ്ങളിൽ ഇത്രയധികം പോപ്പുലറായ വേറെ ചിത്രമില്ല എന്ന് പറയാം.
പക്ഷെ രസകരമായ വസ്തുത എന്തെന്ന് വെച്ചാൽ തീയേറ്ററുകളിൽ വമ്പന്‍ പരാജയം ആയിരുന്നു. തിയേറ്ററില്‍ പരാജയം രുചിച്ചെങ്കിലും ആടിന്‍റെ ടൊറന്‍റ് റിലീസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച തന്നെ ഈ ചിത്രം ഉണ്ടാക്കി. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും ലഭിച്ച ആരാധകരുടെ എണ്ണം അത്രയധികമായിരുന്നു.
അതുകൊണ്ട് തന്നെ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വേണമെന്നുള്ള പ്രേക്ഷകരുടെ ആവശ്യം പരിഗണിച്ചു കുറച്ചു നാളുകൾക്കു മുൻപേ സംവിധായകന്‍ മിഥുൻ മാനുവൽ തോമസും നടന്‍ ജയസൂര്യയും അതു പോലെ ഫ്രൈഡേ ഫിലിം ഹൗസും ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിക്കുകയുണ്ടായി.
അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന്റെ നൂറാം ദിന ആഘോഷ വേളയിൽ വെച് ഈ രണ്ടാം ഭാഗത്തിന്റെ പേരും ഫസ്റ്റ് ലൂക്കും മിഥുൻ മാനുവൽ തോമസും, ഫ്രൈഡേ ഫിലിം ഹൌസ് ഉടമ വിജയ് ബാബുവും പ്രശസ്ത എഴുത്തുകാരനും സംവിധായകനും ഫെഫ്കയുടെ നായകനുമായ ബി ഉണ്ണികൃഷ്ണനും ചേർന്ന് റിലീസ് ചെയ്തു. ആട് 2 എന്നാണ് രണ്ടാം ഭാഗത്തിന്റെ ടൈറ്റിൽ.
ഒരു തരത്തിൽ ഇത് മലയാള സിനിമയിൽ പുതിയ ചരിത്രമാണ് സൃഷ്ടിച്ചിരിക്കുന്നത്. തിയേറ്ററിൽ പരാജയപ്പെട്ട ചിത്രങ്ങൾക്ക് പിന്നീട് മിനി സ്‌ക്രീനിലൂടെയും അതു പോലെ തന്നെ സോഷ്യൽ മീഡിയയിലൂടെയും വൻ ജനസമ്മതി ലഭിക്കുന്നത് പുതിയ കാര്യം അല്ലെങ്കിലും അതിന്റെ രണ്ടാം ഭാഗം ജനങ്ങളുടെ ആവശ്യ പ്രകാരം പ്രഖ്യാപിക്കുകയും അതു പോലെ തന്നെ രണ്ടാം ഭാഗത്തിന്റെ ടൈറ്റിൽ ലോഞ്ച് വരെ വളരെ വലിയ രീതിയിൽ നിർവഹിക്കപ്പെടുകയും ചെയ്യുന്നത് ഇത് ആദ്യമായി ആയിരിക്കും.
ഇപ്പോൾ ഈ ചിത്രത്തിനും ഇതിലെ കഥാപാത്രങ്ങൾക്കുമെല്ലാം ലഭിക്കുന്ന ഈ വമ്പിച്ച ജനപിന്തുണ കൊണ്ട് തന്നെ രണ്ടാം ഭാഗം ഒരു വമ്പൻ വിജയമായി മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ ഭാഗം തിയേറ്ററിൽ നേരിട്ട പരാജയത്തിന്റെ കറ രണ്ടാം മായ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നമ്മുക്ക് കാത്തിരിക്കാം ഷാജി പാപ്പന്റെ ഒരു മാസ് തിരിച്ചു വരവിനായി.
ചിത്രങ്ങള്‍ കാണാം..