ഒരു കാലത്ത് മലയാള സിനിമ നിലനിര്‍ത്തി കൊണ്ട് പോയതില്‍ താരങ്ങളെക്കാളും വലിയ പങ്ക് വഹിച്ചിരുന്നത് നിര്‍മ്മാണ കമ്പനികള്‍ ആയിരുന്നു. ഉദയ, നവോദയ തുടങ്ങിയ ബാനറുകളുടെ പേരുകള്‍ നോക്കി പ്രേക്ഷകര്‍ സിനിമയ്ക്ക് പോയികൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. കാലം മാറി താരങ്ങള്‍ക്ക് വേണ്ടി മാത്രം ഒരുക്കുന്ന സിനിമകള്‍ വന്നതോടെ ബാനറുകളുടെ പ്രതാപം നഷ്ടമായി. മലയാളത്തില്‍ ഇപ്പോള്‍ ക്വാളിറ്റിയുള്ള സിനിമകള്‍ നിര്‍മ്മിക്കുന്ന ബാനറുകള്‍ തീരെ കുറവാണ് എന്ന്‍ തന്നെ പറയാം.
മലയാളത്തില്‍ വ്യത്യസ്ഥ സിനിമകള്‍ ചെയ്യുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധ നേടിയ ബാനറാണ് ഇ4 എന്‍റര്‍ടൈന്‍മെന്‍റ്. നോര്‍ത്ത് 24 കാതം, ഗപ്പി, എസ്ര, ഗോദ തുടങ്ങിയ വ്യത്യസ്ഥമായ സിനിമകള്‍ ഇ4 എന്‍റര്‍ടൈന്‍മെന്‍റ് ഒരുക്കി. ഇതില്‍ നോര്‍ത്ത് 24 കാതം മികച്ച മലയാള സിനിമയ്ക്കുള്ള നാഷണല്‍ അവാര്‍ഡ് സ്വന്തമാക്കുകയും ഗപ്പി ഒട്ടേറെ സ്റ്റേറ്റ് അവാര്‍ഡുകള്‍ നേടുകയും ചെയ്തു.
എസ്ര മലയാളത്തില്‍ നിന്നും വന്ന ഹോളിവുഡ് ക്വാളിറ്റിയുള്ള ഹൊറര്‍ ചിത്രവുമായിരുന്നു. പുതുമയുള്ള കഥകള്‍ക്ക് ഒപ്പം പുതിയ ആളുകളെയും വെള്ളിത്തിരയിലേക്ക് എത്തിക്കാനായി ഒരു വാതില്‍ തുറക്കുകയാണ് പുതിയ ചിത്രത്തിലൂടെ ഇ4 എന്‍റര്‍ടൈന്‍മെന്‍റ്.
പുതുമുഖങള്‍ക്ക് സിനിമയില്‍ അവസരം ഒരുക്കാനായി ഇ4 എക്സ്പെരിമെന്‍റ് എന്നൊരു സംരംഭമാണ് ഇ4 എന്‍റര്‍ടൈന്‍മെന്‍റില്‍ നിന്നും പുതുതായി എത്തിയത്. നവാഗതനായ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ലില്ലിയാണ് ഈ സംരംഭത്തിലെ ആദ്യ ചിത്രം. ഒട്ടേറെ പുതുമുഖങ്ങളാണ് ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി അണിനിരക്കുന്നത്.
ആര്യന്‍ മേനോന്‍, സംയുക്ത മേനോന്‍, ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഏതാണ് ദിവസങ്ങള്‍ക്ക് മുന്നേ ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ അനിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. 3 ലക്ഷത്തില്‍ അധികമാളുകളാണ് ലില്ലിയുടെ മോഷന്‍ പോസ്റ്റര്‍ ഇതുവരെ കണ്ടത്.
നിഗൂഢത ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഈ മോഷന്‍ പോസ്റ്റര്‍ ഒട്ടേറെ പ്രേക്ഷക പ്രശംസയും ഏറ്റുവാങ്ങുന്നു. ഇ4 എക്സ്പെരിമെന്‍റിന്‍റെ ആദ്യ ചിത്രമായത് കൊണ്ട് തന്നെ തികച്ചും വ്യത്യസ്ഥമായ ഒരു ചലച്ചിത്രാനുഭവം തന്നെയായിരിക്കും ലില്ലി എന്നാണ് പ്രതീക്ഷകള്‍.