ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രമായ 2.0 ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് കൊണ്ട് മുന്നേറുകയാണ്. ഷങ്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സൂപ്പർ സ്റ്റാർ രജനികാന്തും ബോളിവുഡ് സൂപ്പർ സ്റ്റാർ അക്ഷയ് കുമാറും ആണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. പൂർണ്ണമായും ഐ മാക്സ് ത്രീഡിയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രമായ 2.0 നിർമ്മിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ് ആണ്. ഇപ്പോഴിതാ ഈ ചിത്രം ഒരു പുതിയ ചരിത്രം കൂടി കുറിക്കുകയാണ്. ഒരു ഇന്ത്യൻ സിനിമ ചൈനയിൽ നേടുന്ന ഏറ്റവും വലിയ റിലീസ് ആണ് 2.0 നേടാൻ പോകുന്നത്. ചൈനയിലെ ഏറ്റവും പ്രബലരായ വിതരണക്കാരായ എച് വൈ മീഡിയയുമായി സഹകരിച്ചു അവിടെയുള്ള പതിനായിരം തീയേറ്ററുകളിലെ 56000 സ്‌ക്രീനുകളിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യുക.
അതിൽ തന്നെ 47000 സ്ക്രീനുകൾ ത്രീഡി സ്‌ക്രീനുകളും ആണ്. ഹോളിവുഡ് ഭീമന്മാരായ സോണി, ഡിസ്നി, യൂണിവേഴ്സൽ സ്റ്റുഡിയോ, 20th സെഞ്ച്വറി ഫോക്സ്, വാർണർ ബ്രോസ് എന്നിവരുമായി സ്ഥിരം സഹകരിക്കുന്ന വിതരണക്കാരാണ് എച് വൈ മീഡിയ. അടുത്ത വർഷം മെയ് മാസത്തിൽ ആണ് എന്തിരന്റെ ചൈനീസ് ഡബ്ബിങ് വേർഷനും സബ് ടൈറ്റിൽ വേർഷനും ചൈനയിൽ റിലീസ് ചെയ്യുക എന്ന് ലൈക്ക പ്രൊഡക്ഷൻസ് ഒഫീഷ്യൽ ആയി അറിയിച്ചു. ഏതായാലും ആഗോള വിപണിയിൽ നിന്ന് വമ്പൻ കളക്ഷൻ നേടി ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണം വാരി ചിത്രം ആവുക എന്ന ലക്ഷ്യത്തിലേക്കാണ് ഈ ചിത്രം പോകുന്നത്. 2000 കോടി രൂപ ലോകമെമ്പാടുനിന്നും കളക്ഷൻ നേടിയ ആമിർ ഖാൻ ചിത്രമായ ദങ്കൽ ആണ് നിലവിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ വിജയം.