മലയാളത്തിലും തമിഴിലും ഒരുപിടി നല്ല സിനിമകള്‍ ഒരുക്കിയ എഡിറ്ററാണ് ഭവന്‍ ശ്രീകുമാര്‍. നിദ്ര, ആഹാ കല്യാണം തുടങ്ങി ഈ വര്‍ഷം തിയേറ്ററില്‍ എത്തിയിരിക്കുന്ന വർണ്യത്തിൽ ആശങ്ക, വിജയ് സേതുപതി ചിത്രം പുരിയാത്ത പുതിര്‍ വരെ എത്തി നില്‍ക്കുകയാണ് ഭവന്‍ ശ്രീകുമാറിന്‍റെ യാത്ര. തന്‍റെ സിനിമ വിശേഷങ്ങളും എഡിറ്റിങ് മേഖലയെ കുറിച്ചും ഭവന്‍ ശ്രീകുമാര്‍ ഓണ്‍ലുക്കേഴ്സ് മീഡിയയോട് മനസ്സ് തുറക്കുന്നു.
പലപ്പോഴും പറയുന്നതാണ് ഒരു സിനിമ ജനിക്കുന്നത് എഡിറ്റിങ് ടേബിളില്‍ നിന്നാണ് എന്ന്‍. ഒരു എഡിറ്ററുടെ കയ്യിലാണ് പലപ്പോഴും സിനിമയുടെ ഭാവി വരെ തീരുമാനിക്കുന്നത് എന്ന്‍. എന്താണ് ഒരു എഡിറ്റര്‍ എന്ന നിലയില്‍ താങ്കളുടെ അഭിപ്രായം ?
അതൊരു ടീം വർക് ആണ്. ചിലപോഴൊക്കെ തിരക്കഥയിലെ മികച്ച ചില മാറ്റങ്ങൾ ഉണ്ടാവുന്നത് എഡിറ്റിംഗ് ടേബിളിൽ വെച്ചാണ്. അങ്ങനെയാണെങ്കിൽ എഡിറ്റിംഗ് ടേബിളിൽ വെച്ച് സിനിമ രൂപം കൊണ്ട് തുടങ്ങുന്നു എന്നു പറയാം.
ഡിജിറ്റൽ സംവിധാനം കടന്നുവരുന്നതിന് മുൻപ് ഫിലിം വെട്ടി ഒട്ടിച്ചായിരുന്നു എഡിറ്റിംഗ് സാധ്യമായിരുന്നത് എന്നാൽ ഇന്നൊക്കെ ലൊക്കേഷനിൽ വെച്ച് തന്നെ എഡിറ്റിംഗ് (സ്പോട്ട് എഡിറ്റിങ്) ചെയ്യാനുള്ള സംവിധാനം വരെ ആയി. അങ്ങനെയാണെങ്കിൽ പിന്നീട് എന്തൊക്കെ മാറ്റങ്ങളാണ് എഡിറ്റിംഗ് ടേബിളിൽ വെച്ച് ഉണ്ടാവുന്നത്?
സ്പോട്ട് എഡിറ്റിംഗ് ഇന്നത്തെ കാലത്ത് സിനിമക്ക് കൂടുതൽ ഗുണം ചെയ്യുന്നുണ്ട്. ആവശ്യമായ എന്തെങ്കിലും വേണമെന്നുണ്ടെങ്കിൽ ലോക്കേഷനിൽ വെച്ച് അത് സാധ്യമാക്കാനുള്ള സംവിധാനം സ്പോട്ട് എഡിറ്റിംഗ് സഹായിക്കുന്നുണ്ട്. ആവശ്യമായ ഇന്‍റര്‍കട്ടുകൾ , കന്റിന്യൂറ്റി മിസ്റ്റേക്‌സ് ഒക്കെ സ്പോട് എഡിറ്റിംഗിലൂടെ കണ്ടുപിടിക്കാനും അവ ഷൂട്ട് ചെയ്യാനും സ്പോട് എഡിറ്റിംഗ് ഉപകരിക്കും. ഒരുപാട് കമ്പ്യൂട്ടർ ഗ്രാഫിക്സ് വർക്‌സ് ഉള്ള സിനിമയിൽ അത് വളരെ സഹായകരമാണ് . പിന്നീട് എഡിറ്റിംഗ് ടേബിളിൽ വെച്ച് ചില ഷോട്‌സ് കൂടെ വേണം എന്ന് പറയുന്നതിൽ അർഥമില്ല. അത് ചിലവേറിയ പരിപാടിയാകും.
പല സിനിമകളിലും ലാഗ് വരുന്നു എന്ന്‍ നിരൂപകരും പ്രേക്ഷകരും അഭിപ്രായപ്പെടാറുള്ളതാണ്. അതിനെ പറ്റി ?
കണ്ടന്‍റ് ഇല്ലായ്മയാണ് ഈ ലാഗ് ആയി തോന്നുന്നത്. നമ്മളെ പിടിച്ച് നിര്‍ത്തുന്ന ഒന്ന്‍ ഉള്ള സിനിമയില്‍ ഒരിക്കലും ലാഗ് തോന്നില്ലല്ലോ. അല്ലെങ്കില്‍ ഒരു സംവിധായകന്‍ അങ്ങനെയായിരിക്കും ആ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആ ലാഗ് നിലനിര്‍ത്താന്‍ അയാള്‍ ആഗ്രഹിക്കുന്നുണ്ടാകും. അതിലൂടെയായിരിക്കും അയാള്‍ കഥ പറഞ്ഞു പോകുന്നത്.
ഒരു എഡിറ്റര്‍ എന്ന നിലയില്‍ മലയാളം തമിഴ് ഇൻഡസ്ട്രികള്‍ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ് ?
മലയാള സിനിമയേക്കാൾ തമിഴ് സിനിമാ ഇൻഡസ്ട്രി കുറച്ച് കൂടെ വലുതാണ്. കമേഷ്യല്‍ സിനിമകൾക്ക് തമിഴിൽ നല്ല മാർക്കറ്റ് ആണ്. മലയാളത്തില്‍ നല്ല കണ്ടന്റ് ബേസ്ഡ് സിനിമകള്‍ക്കാണ് പ്രിയം. തമിഴ് സിനിമകളും ഇപ്പോൾ മാറ്റത്തിന്റെ വഴിയിലാണ്. സിനിമ എന്ത് രീതിയിലുള്ള എഡിറ്റിങ് ആവശ്യപ്പെടുന്നൊ അത് ചെയ്ത് കൊടുക്കുക.
ഇപ്പോൾ അവസാനമായി വർക് ചെയ്തത് പുരിയാത്ത പുതിർ എന്ന വിജയ് സേതുപതി എന്ന ചിത്രമായിരുന്നല്ലോ. എങ്ങനെയുണ്ടായിരുന്നു അതിന്‍റെ എക്സ്പീരിയൻസ് ?
ഒരു ഇമോഷണൽ ത്രില്ലർ മൂവിയാണ് ചിത്രം. അത് കൊണ്ട് എഡിറ്റിംഗ് ചിത്രത്തെ സംബന്ധിച്ചു വളരെ പ്രാധാന്യമുള്ള ഒന്നായിരുന്നു. ഇമോഷണൽ ഇലമെന്റും ത്രില്ലർ ഇലമെന്റും ചേർന്ന് ഉള്ളതിനാൽ ഒരു പ്രത്യേക പേസ് ആണ് സിനിമയിൽ ഉള്ളത് . വിജയ് സേതുപതിയുടെ പെർഫോമൻസ് ലൂസ് ആക്കാതെ ഇമോഷണൽ സീൻസ് വർക് ചെയ്യുക , സ്പൂണ് ഫീഡിങ് ഇല്ലാതെ ത്രില്ലർ കഥപറയുക എന്നിവ ചലഞ്ചിങ് ആയിരുന്നു. മുൻപ് പറഞ്ഞ പോലെ തിരക്കഥയിൽ നിന്നുമാറി ഒരുപാട് കാര്യങ്ങൾ ഇതിൽ വന്നിട്ടുണ്ട്. ഡയറക്ടർ രഞ്ജിത് ജയകോടിയുടെ പൂർണമായ പിന്തുണ അതിൽ ഉണ്ടായിരുന്നു.
ഏതൊക്കെയാണ് ഇനി വരാനുള്ള സിനിമകൾ ?
പുരിയാത പുതിർ ടീമിന്റെ തന്നെ ഒരു ചിത്രമാരംഭിച്ചു കഴിഞ്ഞു.കൂടാതെ അതിന്റെ തന്നെ തന്നെ അസ്സോസിയേറ്റ് ഡയറക്ടർ ചെയ്യുന്ന ചിത്രമാണ് അടുത്ത തുടങ്ങാൻ പോവുന്നത് . മലയാളത്തിലും ഇനി സിനിമകൾ വരാനുണ്ട്. അതിന്‍റെ ഡിസ്കഷനുകള്‍ നടക്കുകയാണ്.
സിനിമയെ ആഗ്രഹിച്ച് നല്ലൊരു എഡിറ്ററാവാൻ ശ്രമിക്കുന്ന ഒരുപാട് ചെറുപ്പക്കാർ ഉണ്ട്. അവര്‍ക്ക് ഒരു എഡിറ്റര്‍ എന്ന നിലയില്‍ എന്താണ് ‘ടിപ്സ്’ നല്‍കാന്‍ ഉള്ളത് ?
സിനിമയിലെ മറ്റു മേഖലയിലുള്ളത് പോലെ തന്നെ എഡിറ്റിംഗും കൂടുതൽ ക്രിയേറ്റിവിറ്റി ആവശ്യമുള്ള ഒന്നാണ്. സിനിമയുടെ ടോട്ടാലിറ്റിയിലെ മികവിന് മികച്ച എഡിറ്റിംഗ് അനിവാര്യമാണ്. എഡിറ്റിംഗിലൂടെ കഥ പറയാനുള്ള കഴിവ് ഉണ്ടായിരിക്കണം. ആ കഴിവ് പരിശ്രമങ്ങളിലൂടെ നേടിയെടുക്കുക.