ഇന്നലെ കേരളത്തിൽ റിലീസ് ചെയ്ത മോഹൻലാൽ-ബി ഉണ്ണികൃഷ്ണൻ ചിത്രം വില്ലൻ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് വില്ലന്റെ അണിയറ പ്രവർത്തകർ ഒഫീഷ്യൽ ആയി പുറത്തു വിട്ടിരിക്കുകയാണ്. ഒഫീഷ്യൽ കളക്ഷൻ റിപ്പോർട്ട് പ്രകാരം വില്ലൻ ആദ്യ ദിനം കേരളത്തിൽ നിന്ന് നേടിയത് 4.91 കോടി രൂപയാണ്.
മലയാള സിനിമയിലെ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ എന്ന റെക്കോർഡ് അങ്ങനെ വില്ലൻ സ്വന്തമാക്കിയിരിക്കുകയാണ്. മമ്മൂട്ടി ചിത്രമായ ദി ഗ്രേറ്റ് ഫാദർ ഈ വർഷം മാർച്ച് മാസത്തിൽ നേടിയ നാല് കോടി മുപ്പത്തിയൊന്നു ലക്ഷം രൂപ എന്ന റെക്കോർഡ് ആണ് വില്ലൻ തകർത്തെറിഞ്ഞത്. ആദ്യ ദിനം ആയിരത്തിൽ അധികം ഷോകൾ കളിച്ച ആദ്യ മലയാള സിനിമ എന്ന റെക്കോർഡും വില്ലൻ സ്വന്തമാക്കി കഴിഞ്ഞു.
ഒരു ഇമോഷണൽ ത്രില്ലർ ആയി ഒരുക്കിയ വില്ലൻ ഇന്നലെ ആരാധകർക്കിടയിൽ സമ്മിശ്ര പ്രതികരണത്തെ സൃഷ്ടിച്ചിരുന്നെങ്കിലും കുടുംബ പ്രേക്ഷകർ ചിത്രത്തെ ഏറ്റെടുത്തതോടെ ഗംഭീര അഭിപ്രായം ആണ് ചിത്രം ഇപ്പോൾ നേടുന്നത് . രണ്ടാം ദിനവും മൾട്ടിപ്ളെക്സുകളിലും സിംഗിൾ സ്‌ക്രീനുകളിലും ഗംഭീര ബുക്കിംഗ് സ്റ്റാറ്റസ് ആണ് വില്ലന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
മോഹൻലാലിനൊപ്പം തമിഴ് നടൻ വിശാലും പ്രധാന വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് റോക്ക് ലൈൻ വെങ്കടേഷ് ആണ്. റിലീസിന് മുൻപേ തന്നെ 13 കോടി രൂപയുടെ ബിസിനസ് നടത്തിയ ചിത്രമാണ് വില്ലൻ. ഇരുപതു കോടി മുടക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഈ വർഷത്തെ മോഹൻലാലിന്റെ വമ്പൻ വിജയമായി വില്ലൻ മാറുമോ എന്ന് കാത്തിരുന്ന് കാണാം