ഉലക നായകൻ കമൽ ഹാസൻ നായകനായെത്തിയ മാസ്സ് ആക്ഷൻ ത്രില്ലർ വിക്രം ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആഗോള റിലീസായി എത്തിയത്. വമ്പൻ ഹൈപ്പിലെത്തിയ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ലോകേഷ് കനകരാജ് ആണ്. അദ്ദേഹത്തോടൊപ്പം രത്ന കുമാറും കൂടി ചേർന്നാണ് ഈ ചിത്രം രചിച്ചത്. സൂര്യ, ഫഹദ് ഫാസിൽ, മക്കൾ സെൽവൻ വിജയ് സേതുപതി, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരെയ്ൻ, അർജുൻ ദാസ്, ഹാരിഷ് ഉത്തമൻ എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് അതിഗംഭീരമായ പ്രേക്ഷക പ്രതികരണമാണ് ആദ്യ ദിനം മുതൽ തന്നെ ലഭിച്ചത്. അത്കൊണ്ട് തന്നെ ബോക്സ് ഓഫീസിലും വമ്പൻ പ്രകടനമാണ് വിക്രം നടത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ ദിന ആഗോള കളക്ഷൻ റിപ്പോർട്ട് വന്നിരിക്കുകയാണ്. ഉലക നായകൻ കമൽ ഹാസന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയത്തിലേക്കാണ് വിക്രം കുതിക്കുന്നത്.
ആദ്യ ദിനം വിക്രം നേടിയ ആഗോള കളക്ഷൻ അറുപതു കോടിക്ക് മുകളിലാണ്. തമിഴ് നാട്ടിൽ നിന്ന് ആദ്യ ദിനം 23 കോടിയോളം ഗ്രോസ് നേടിയ ഈ ചിത്രം കേരളത്തിൽ നിന്ന് ആദ്യ ദിനം നേടിയത് അഞ്ച് കോടിക്ക് മുകളിലാണ്. നാല് കോടിക്ക് മുകളിൽ കർണാടകയിൽ നിന്നും ആന്ധ്രാ പ്രദേശിൽ നിന്നും ഗ്രോസ് ആയി നേടിയ ഈ ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും ഏകദേശം അമ്പതു ലക്ഷത്തോളമാണ് ആദ്യ ദിനം നേടിയ കളക്ഷൻ. ഓവർസീസ് മാർക്കറ്റിൽ നിന്ന് ഇരുപത്തിനാലര കോടിക്ക് മുകളിലാണ് വിക്രം ആദ്യ ദിനം കരസ്ഥമാക്കിയത്. തമിഴിൽ രജനിക്കും വിജയ്ക്കും ശേഷം അമ്പതു കോടിക്ക് മുകളിൽ ആദ്യ ദിനം ആഗോള കളക്ഷൻ നേടുന്ന നടനായി കമൽ ഹാസൻ വിക്രമിലൂടെ മാറി. രജനിക്കും വിജയ്ക്കും അജിതിനും ശേഷം തമിഴ് നാട്ടിൽ നിന്ന് മാത്രം 20 കോടിക്ക് മുകളിൽ ആദ്യ ദിനം നേടുന്ന നടനായും കമൽ ഹാസൻ ഇതിലൂടെ മാറിക്കഴിഞ്ഞു. അതുപോലെ തന്നെ വിജയ്ക്ക് ശേഷം കേരളത്തിൽ 5 കോടിക്ക് മുകളിൽ ആദ്യ ദിന കളക്ഷൻ നേടുന്ന തമിഴ് നായകനുമായി അദ്ദേഹം.