രണ്ടു ദിനം കൊണ്ട് നൂറു കോടി ക്ലബിലെത്തി വിക്രം; ഉലക നായകന്റെ ബോക്സ് ഓഫീസ് താണ്ഡവം

Advertisement

ഒരു നടനെന്ന നിലയിൽ ശ്രദ്ധ നേടുന്ന ചിത്രങ്ങൾ ചെയ്തപ്പോഴും, ഒരു താരമെന്ന നിലയിൽ കമൽ ഹാസൻ കുറച്ചു വർഷങ്ങളായി നേട്ടങ്ങൾ ഒന്നും തന്നെ കൊയ്തിരുന്നില്ല. അത്കൊണ്ട് തന്നെ തമിഴ് സിനിമയിൽ അദ്ദേഹത്തിന്റെ താരമൂല്യത്തിന് വലിയ ഇടിവ് തന്നെ സംഭവിക്കുകയും ചെയ്തിരുന്നു. യുവ തലമുറയിലെ താരങ്ങൾ വരെ വലിയ നേട്ടങ്ങൾ കൊയ്യുമ്പോൾ, കമൽ ഹാസൻ ചിത്രങ്ങൾ ശരാശരി പ്രകടനം മാത്രം കാഴ്ചവെച്ചു പിൻവാങ്ങി. എന്നാൽ ഇപ്പോഴിതാ തന്റെ വിശ്വരൂപം കാണിച്ചിരിക്കുകയാണ് ഉലക നായകൻ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ വിക്രമിൽ നായകനായെത്തിയ കമൽ ഹാസൻ, ഒരു താരമെന്ന നിലയിൽ വമ്പൻ തിരിച്ചു വരവാണ് കാഴ്ച വെച്ചിരിക്കുന്നത്. ആദ്യ ദിനം തന്നെ ആഗോള ബോക്സ് ഓഫീസിൽ നിന്ന് അറുപതു കോടിക്ക് മുകളിൽ കളക്ഷൻ നേടിയ വിക്രം, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, രണ്ടു ദിവസം കൊണ്ട് നൂറു കോടി ക്ലബിൽ ഇടം നേടിക്കഴിഞ്ഞു.

കമൽ ഹാസന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിങ് നേടിയ വിക്രം, അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫിസ് ഹിറ്റിലേക്കാണ് കുതിക്കുന്നത്‌. തമിഴ് നാട്ടിലെ തന്നെ ഇൻഡസ്ട്രി ഹിറ്റായി വിക്രം മാറാനും സാധ്യതയുണ്ടെന്നു ട്രേഡ് അനലിസ്റ്റുകൾ പ്രവചിക്കുന്നുണ്ട്. ആദ്യ ദിനത്തിൽ നിന്നും വലിയ വ്യത്യാസമില്ലാത്ത അളവിൽ തന്നെ രണ്ടാം ദിനവും കളക്ഷൻ നേടിയ ഈ ചിത്രം, മൂന്നാം ദിനമായ ഇന്ന് ഞായറാഴ്ച ആദ്യ ദിനത്തോട് കിടപിടിക്കുന്ന കളക്ഷൻ നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ സംഭവിച്ചാൽ ആദ്യ വീക്കെൻഡ് കൊണ്ട് തന്നെ വിക്രം 150 കോടിയോളം ആഗോള ഗ്രോസ് നേടും. സൂര്യ, ഫഹദ് ഫാസിൽ, മക്കൾ സെൽവൻ വിജയ് സേതുപതി, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരെയ്ൻ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close