ദളപതി വിജയ് നായകനായ ലിയോ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷൻ ചിത്രം ദളപതി വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസായാണ് എത്തിയത്. കേരളത്തിലും റെക്കോർഡ് റിലീസ് നേടിയ ഈ ചിത്രം, ഇവിടുത്തെ 655 ലധികം സ്‌ക്രീനുകളിൽ വിതരണം ചെയ്തത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. അഡ്വാൻസ് ബുക്കിംഗ് കൊണ്ട് തന്നെ കേരളത്തിലെ ആദ്യ ദിന കളക്ഷൻ റെക്കോർഡ് സൃഷ്‌ടിച്ച ലിയോ കേരളത്തിൽ ആദ്യ ദിവസം നേടിയ കളക്ഷൻ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. ട്രേഡ് അനലിസ്റ്റുകളുടെ ആദ്യ കണക്കുകൾ പ്രകാരം ലിയോ ആദ്യ ദിനം കേരളത്തിൽ നിന്നും നേടിയത് ഏകദേശം 11.50 കോടി രൂപയ്ക്കു മുകളിലാണ്. രാത്രിയിൽ കൂട്ടിച്ചേർക്കപെട്ട അഡീഷണൽ ഷോകളുടെ കണക്കുകൾ കൂടെ ചേർക്കുമ്പോൾ ലിയോയുടെ ആദ്യ ദിന കേരളാ ഗ്രോസ് 12 കോടിയോളം വരാനും സാധ്യതയുണ്ടെന്ന് പ്രശസ്ത മോളിവുഡ് ട്രേഡ് അനലിസ്റ്റ് എ ബി ജോർജ് റിപ്പോർട്ട് ചെയ്യുന്നു.
ഇതിനു മുൻപ് കേരളത്തിൽ നിന്നും ഏറ്റവും വലിയ ഓപ്പണിങ് ഡേ കളക്ഷൻ നേടിയ ചിത്രങ്ങൾ ഏഴു കോടി മുപ്പത് ലക്ഷം രൂപ നേടിയ, യാഷ് നായകനായ കെ ജി എഫ് 2 , ഏഴ് കോടി 20 ലക്ഷം നേടിയ മോഹൻലാൽ നായകനായ ഒടിയൻ എന്നിവയായിരുന്നു. ആ റെക്കോർഡുകൾ ഏകദേശം നാലര കോടി രൂപക്കും മുകളിലുള്ള മാർജിനിലാണ് ലിയോ മറികടന്നിരിക്കുന്നത്. കേരളത്തിൽ നിന്ന് ആദ്യമായി പത്ത് കോടിക്ക് മുകളിൽ ഓപ്പണിങ് നേടുന്ന ചിത്രമെന്ന അപൂർവ റെക്കോർഡ് നേടാനും ലിയോക്ക് സാധിച്ചു. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഗ്രോസ് നേടിയ തമിഴ് ചിത്രമെന്ന റെക്കോർഡ്, രജനികാന്തിന്റെ ജയിലറിൽ നിന്ന് ലിയോ കരസ്ഥമാക്കുമോ എന്നറിയാനുള്ള ആകാംഷയിലാണിപ്പോൾ പ്രേക്ഷകർ. 58 കോടിയോളമാണ് ജയിലർ കേരളത്തിൽ നിന്നും നേടിയത്