
നവാഗതനായ അൽത്താഫ് സലിം സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ബോക്‌സ്ഓഫീസ് ഹിറ്റിലേക്ക്. പോളി ജൂനിയര്‍ പ്രൊഡക്ഷനിന്‍റെ ബാനറിൽ നിവിൻ പോളി നിർമിച്ച ചിത്രം 10 ദിവസം കൊണ്ട് കേരളത്തിൽ നിന്നും മാത്രം നേടിയ കളക്ഷന്‍ 11.8 കോടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിരൂപക പ്രശംസ ഏറെ നേടാന്‍ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് സാധിച്ചു. 19 വർഷങ്ങൾക്ക് ശേഷം ശക്തമായ സ്‌ത്രീ വേഷത്തിൽ ശാന്തി കൃഷ്ണ തിരിച്ചുവരവ് നടത്തിയ ചിത്രം കൂടിയാണിത്. കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ച് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
താരരാജാക്കന്മാരുടെ സിനിമകളായിരുന്നു ഇത്തവണത്തെ ഓണത്തിന് ബോക്സോഫീസില്‍ മത്സരിക്കാന്‍. മോഹൻലാലിന്‍റെ വെളിപാടിന്‍റെ പുസ്തകം, മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ, പൃഥ്വിരാജ് നായകനായ ആദം ജോആന്‍ എന്നീ സിനിമകൾക്ക് ഒപ്പമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള റിലീസ് ചെയ്തത്.
വെളിപാടിന്റെ പുസ്തകം 11 ദിവസം കൊണ്ട് 15 കോടിയിലധികം കലക്ഷന്‍ നേടിയിരുന്നു. പുള്ളിക്കാരൻ സ്റ്റാറാ 10 ദിവസം കൊണ്ട് നേടിയത് 10 കോടിയോളമാണ്. മമ്മൂട്ടി ചിത്രത്തെക്കാൾ കളക്ഷന്റെ കാര്യത്തിൽ ഇപ്പൊ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള മുന്നിട്ട് നിൽക്കുകയാണ്.
ലാൽ, അഹാന കൃഷ്ണ, ശ്രിന്ദ, സിജു വിൽസൺ, സൈജു കുറുപ്പ്, ഷറഫുദ്ദീൻ, കൃഷ്ണ ശങ്കർ എന്നിവരാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലെ മറ്റു താരങ്ങൾ. നവാഗതനായ മുകേഷ് മുരളീധരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.