ബേസിൽ ജോസഫ് നായകനായ ജാനേമൻ എന്ന സൂപ്പർ ഹിറ്റിനു ശേഷം ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് മലയാളത്തിലെ വമ്പൻ ഹിറ്റുകളുടെ നിരയിലേക്ക്. പ്രേക്ഷകരുടെ വലിയ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വ്യാഴാഴ്ച തീയേറ്ററുകളിലെത്തിയ ഈ ബിഗ് ബഡ്ജറ്റ് സർവൈവൽ ത്രില്ലർ ചിത്രം ബോക്സ് ഓഫീസിൽ നേടുന്നത് ഞെട്ടിക്കുന്ന കളക്ഷനാണ്. ആദ്യ നാല് ദിവസം കൊണ്ട് ഈ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത് 36 കോടിക്ക് മുകളിലാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്ത് വിടുന്ന ആദ്യ കണക്കുകൾ പറയുന്നത്. കേരളത്തിൽ നിന്ന് മാത്രം ആദ്യ നാല് ദിനം ഉണ്ട് 15 കോടിയോളം ഈ ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. ഗൾഫ് മാർക്കറ്റിൽ നിന്നും വമ്പൻ കളക്ഷൻ നേടുന്ന മഞ്ഞുമ്മൽ ബോയ്സിൽ, തമിഴ്‌നാട്ടിലും സൂപ്പർ വിജയമാണ് കരസ്ഥമാകുന്നത്. ഇതിനോടകം തന്നെ അവിടെ നിന്ന് മാത്രം ഒരു കോടി ഗ്രോസ് നേടിക്കഴിഞ്ഞു മഞ്ഞുമ്മൽ ബോയ്സ്.
പുലി മുരുകൻ, ലൂസിഫർ, 2018 എന്നിവക്ക് ശേഷം മലയാളത്തിലെ അടുത്ത 100 കോടി തീയേറ്റർ ഗ്രോസ് നേടുന്ന ചിത്രമായി മഞ്ഞുമ്മൽ ബോയ്സ് മാറുമോ എന്ന ചർച്ചയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തുടങ്ങിക്കഴിഞ്ഞു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു സലീംകുമാർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം, കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോവുന്ന ഒരു സുഹൃത്ത് സംഘത്തിന് അവിടെ അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുടെ പശ്‌ചാത്തലത്തിലാണ് കഥ പറയുന്നത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നു നിർമ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രം, പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നാണ് ഇവിടെ റിലീസ് ചെയ്തിരിക്കുന്നത്