പരീക്ഷണങ്ങൾ അവസാനിക്കുന്നില്ല; ടൈം ട്രാവലുമായി ഞെട്ടിക്കാൻ മമ്മൂട്ടി

Advertisement

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി കഴിഞ്ഞ രണ്ട് വർഷങ്ങളായി തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക് വലിയ രീതിയിലാണ് പ്രേക്ഷകരും നിരൂപകരും കയ്യടി നൽകുന്നത്. ബോക്സ് ഓഫീസ് വിജയത്തിനൊപ്പം തന്നെ കലാമൂല്യമുള്ള ചിത്രങ്ങളും പരീക്ഷണ ചിത്രങ്ങളും ചെയ്യുന്ന മമ്മൂട്ടിയുടെ ഓരോ ചിത്രങ്ങളും പ്രേക്ഷകർക്ക് വലിയ പുതുമയും ആവേശവുമാണ് സമ്മാനിക്കുന്നത്. അടുത്തിടെ റിലീസ് ചെയ്ത ഭ്രമയുഗം എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ഹൊറർ ത്രില്ലറിലൂടെയും നടനെന്ന നിലയിലും താരമെന്ന നിലയിലും ഞെട്ടിക്കുന്ന മമ്മൂട്ടി ഇനി വരാനിരിക്കുന്ന ചിത്രങ്ങളിലൂടെയും തന്റെ പരീക്ഷണങ്ങൾ തുടരുമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പ്രകാരം ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ വ്യത്യസ്ത ചിത്രങ്ങളിലൂടെ വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ കൃഷാന്തിന്റെ ചിത്രത്തിൽ മമ്മൂട്ടി ഈ വർഷം അഭിനയിക്കും. മമ്മൂട്ടിയുടെ സ്വന്തം ബാനറായ മമ്മൂട്ടി കമ്പനി തന്നെ നിർമ്മിക്കും എന്ന് കരുതപ്പെടുന്ന ഈ ചിത്രം ടൈം ട്രാവൽ ആണ് പ്രമേയമായി എടുക്കുന്നതെന്ന വാർത്തകളാണ് വരുന്നത്.

ഇപ്പോൾ ഡീനോ ഡെന്നിസ് ഒരുക്കുന്ന ബസൂക, വൈശാഖ് ഒരുക്കുന്ന ടർബോ എന്നിവ പൂർത്തിയാക്കിയ മമ്മൂട്ടി, ഇനി ചെയ്യാൻ പോകുന്നത് മഹേഷ് നാരായണൻ ഒരുക്കുന്ന പുതിയ ചിത്രമാണ്. 60 കോടിയോളം മുതൽ മുടക്കിൽ ഒരുക്കുന്ന ഈ ചിത്രം ഒരു മൾട്ടിസ്റ്റാർ ചിത്രം കൂടിയാണ്. മമ്മൂട്ടിക്കൊപ്പം കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരും ഇതിന്റെ താരനിരയിലുണ്ട്. ഫഹദ് ഫാസിലിന്റെ നിർമ്മാണ കമ്പനി ഒരുക്കുന്ന ഈ ചിത്രം കൂടുതലും വിദേശ രാജ്യങ്ങളിലാണ് ചിത്രീകരിക്കുകയെന്നാണ് സൂചന. യൂറോപ്യൻ രാജ്യങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷൻ എന്ന വാർത്തകളാണ് ഇപ്പോൾ ലഭിക്കുന്നത്. അധികം വൈകാതെ തന്നെ ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഈ രണ്ട് ചിത്രങ്ങൾ കൂടാതെ രഞ്ജൻ പ്രമോദ് ഒരുക്കുന്ന ചിത്രത്തിലും മമ്മൂട്ടി വേഷമിടുമെന്ന് വാർത്തകളുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close