മലയാളത്തിന്റെ പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ നായകനായ കിംഗ് ഓഫ് കൊത്ത രണ്ട് ദിവസം മുൻപാണ് റിലീസ് ചെയ്തത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി ആഗോള റിലീസായെത്തിയ ഈ ചിത്രം രചിച്ചത് അഭിലാഷ് എൻ ചന്ദ്രനും, സംവിധാനം ചെയ്തത് അഭിലാഷ് ജോഷിയുമാണ്. ഒരു പക്കാ മാസ്സ് ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രമെന്ന അഭിപ്രായം നേടിയ കിംഗ് ഓഫ് കൊത്ത, ബോക്സ് ഓഫീസിലും നല്ല തുടക്കമാണ് നേടിയിരിക്കുന്നത്. ആദ്യ ദിനം കേരളത്തിൽ നിന്ന് 5 കോടി 85 ലക്ഷവും, ആഗോള തലത്തിൽ 15 കോടിക്ക് മുകളിലും നേടിയ ഈ ചിത്രം, രണ്ടാം ദിനം കേരളത്തിൽ നിന്ന് നേടിയത് 2 കോടിക്ക് മുകളിലാണ്. ആഗോള ഗ്രോസ് 20 കോടി പിന്നിട്ട കിംഗ് ഓഫ് കൊത്ത, ആദ്യ ദിനം യുകെയിൽ നിന്ന് 68 ലക്ഷവും ഗൾഫിൽ നിന്ന് 6 കോടിക്കടുത്തും നേടി.
കൊത്തയിലെ രാജാവായ കൊത്ത രാജുവായി ഗംഭീര പ്രകടനമാണ് ദുൽഖർ കാഴ്ചവെച്ചിരിക്കുന്നത്. എന്നാൽ താൻ രാജാവല്ല എന്നും രാജാവിന്റെ മകനാണ് താനെന്നുമാണ്, അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ ദുൽഖർ പറയുന്നത്. ഏതായാലും കിംഗ് ഓഫ് കൊത്ത എന്ന ഈ ചിത്രം ബോക്സ് ഓഫീസിലെ രാജാവായി മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മരക്കാർ അറബിക്കടലിന്റെ സിംഹം (20 കോടി), കുറുപ്പ് (19 കോടി), ഒടിയൻ (18 കോടി) എന്നിവ കഴിഞ്ഞാൽ, മലയാളത്തിൽ ഏറ്റവും വലിയ ആദ്യ ദിന ആഗോള ഗ്രോസ് നേടിയ ചിത്രം കൂടിയാണിപ്പോൾ കിംഗ് ഓഫ് കൊത്ത. ദുൽഖർ സൽമാന്റെ തന്നെ വേഫെറർ ഫിലിംസ് , സീ സ്‌റ്റുഡിയോക്കൊപ്പം ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ഗോകുൽ സുരേഷ്, പ്രസന്ന, ഷബീർ കല്ലറക്കൽ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ തുടങ്ങി ഒരു വലിയ താരനിരതന്നെ അണിനിരന്നിട്ടുണ്ട്.