2017 സെപ്റ്റംബർ 15 രാവിലെ 6 മണി, ഭൂതത്താൻകെട്ട് ചെക്ക്പോസ്റ്റിലെ ഫോറസ്റ്റ് ഓഫീസിലെ രജിസ്റ്ററിൽ ഒപ്പുവച്ചു ഇടമലയാർ വനാന്തരങ്ങളിലേക്കു കടന്നുപോയ മുപ്പതോളം വാഹനങ്ങൾ… വലിയ ലൈറ്റ് യൂണിറ്റിന്‍റെ ജനറേറ്റർ വാൻ, നീണ്ട കാരവാനുകൾ,നീലയും മഞ്ഞയും കലർന്ന നിറത്തിൽ പ്രത്യേക രൂപമുള്ള ആർട്ടു ഡിപ്പാർട്മെന്റിന്റെ വലിയ ട്രെയിലറുകൾ, ജിമ്മി ജിബിന്റെയും ക്യാമറയുടെയും സ്റ്റഡിക്യാം യൂണിറ്റിന്റേയും വാനുകൾ മുതൽ നീല നിറത്തിലുള്ള ഒരു യമഹ ആർ എക്സ് 100 വരെ.. എല്ലാ വാഹനങ്ങളിലും “ശിക്കാരി ശംഭു” എന്ന പോസ്റ്റർ പതിച്ചിട്ടുണ്ട്.
വാഹനങ്ങൾ ഓരോന്നായി കുട്ടമ്പുഴ വനാതിർത്തിയിലേക്കു കടന്നു. മണ്ണിന്റെ മണമുള്ള മരങ്ങളുടെ മണമുള്ള ചെറിയ കാറ്റടിക്കുന്നുണ്ട്..ഏറ്റവും പിന്നിൽ നിന്നും ഹോൺ അടിച്ചു വരുന്ന ചുവന്ന മെർസിഡൻസ് ബെൻസിന്റെ സുന്ദരൻ കാറിനു എല്ലാ വാഹനങ്ങളും സൈഡ് കൊടുത്തു.
സാക്ഷാൽ സംവിധായകൻ സുഗീത് ആണ് പറന്നു നീങ്ങുന്ന ആ ബെൻസിൽ… “ഓർഡിനറി”ക്ക് ശേഷം മേയാനൊരു കൊടും കാടു കിട്ടിയ സന്തോഷമുണ്ട് സുഗീതിന്റെ കറുത്ത റെയ്ബാൻ ഷെയ്ടിനുള്ളിൽ..
ശിക്കാരിയുടെ വനവാസം തുടങ്ങുന്ന ആദ്യത്തെ ദിവസം ആരംഭിക്കുന്നത് അങ്ങനെ ആയിരുന്നു..
ഇപ്പോഴും ചെക്ക് പോസ്റ്റ് ഓഫീസിനുള്ളിൽ പ്രൊഡക്ഷൻ കൺഡ്രോളർ ശ്രീകുമാർ ചെന്നിത്തലക്കൊപ്പം നിർമാതാവ് എസ് കെ ലോറൻസ് നില്പുണ്ട്.. ഫോറെസ്റ്റ് ഓഫിസിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും അദ്ദേഹം സുപരിചിതനായിരുന്നു. ഷൂട്ടിംഗ് തുടങ്ങുന്നതിനും എത്രയോ ദിവസങ്ങൾക്കു മുൻപേ സകല കാര്യങ്ങളും ക്രമീകരിക്കുവാൻ വേണ്ടി എത്രയോ തവണ അദ്ദേഹം എത്തിയിരിക്കുന്നു. സിനിമ എന്ന സ്വപ്നവുമായി ലോറൻസ് രംഗപ്രവേശം നടത്തുന്ന ആദ്യത്തെ ചിത്രം കുഞ്ചാക്കോ ബോബൻ എന്ന മലയാളിയുടെ ചോക്ലേറ്റ് സ്റ്റാറിന്റെതാകുമ്പോൾ എന്തിനാണ് ടെൻഷൻ. പ്രത്യേകിച്ചും ചാക്കോച്ചനൊപ്പം സുഗീത് എന്ന സംവിധായകന്റെയും നിഷാദ് കോയ എന്ന എഴുത്തുകാരന്റെയും ഫൈസൽ അലി എന്ന ഛായാഗ്രഹന്റെയും കൂടി കൂട്ടുകെട്ടാകുമ്പോൾ.! പോരാത്തതിന് ഇത്തവണ കേരളക്കരയിലെ ചിരിമഴ ഹരീഷ് കണാരനും കട്ടപ്പനയുടെ ഋതിക് റോഷനും ഉണ്ടല്ലോ..!! ആ ടെൻഷൻ ഇല്ലായ്മയുടെ ചിരി ലോറൻസിന്റെ മുഖത്ത് ഏതു സമയവും കാണാം.
പറഞ്ഞു തീർന്നില്ല… ദേ വരുന്നു കണാരനും ഋതിക് റോഷനും..” രാവിലെ നല്ല കിടിലം ബീഫും പൊറോട്ടയും കിട്ടുന്ന ഒരു സ്ഥലം നമ്മള് കണ്ടെത്തിന്നെ..ഇങ്ങക്ക് വേണോങ്കി പാഴ്സല് പറയ്..” വണ്ടി സ്ലോ ചെയ്തു ഹരീഷ് കൊതിപ്പിച്ചു കടന്നു കളഞ്ഞു. നിർത്താതെ പോയ മറ്റൊരു വാഹനത്തിൽ നായിക ശിവദ ആയിരുന്നോ എന്നൊരു തർക്കം കൊടുമ്പിരിക്കൊള്ളുമ്പോൾ പഴങ്കഥകൾ പറയാനായി ഒരു ഫോറസ്റ്റ് ഗാർഡ് കൂട്ടുകൂടി. ചാക്കോച്ചന്റെ കാർ കൂടി ചെക്‌പോസ്റ് കടന്നുപോയാൽ പിന്നെ കഥ പറയുന്നത് ഭൂതത്താൻ കെട്ടിലെ ഭൂതങ്ങൾ ആയിരിക്കും.
“ഭൂതങ്ങൾ മാത്രമല്ല കാട്ടാനകളുടെ സങ്കേതമാണ്.. 6 മണിക്ക് മുൻപ് കാടിറങ്ങിയാൽ നന്നായിരിക്കും..ഇല്ലേൽ കടുവയും ചെന്നായും ഒക്കെ ഇറങ്ങും..പകല് പാമ്പിന്റെ ശല്യം മാത്രേ ഉണ്ടാകൂ..മഴകോള് കണ്ടാൽ ഒന്ന് ശ്രദ്ദിച്ചെക്കു കേട്ടോ..നോക്കിയും കണ്ടും നടന്നാൽ മതി..മൂർഖനും അണലിയും ഒരുപാടു ഉണ്ടേ..” ഇത്രയും പറഞ്ഞു ഫോറെസ്റ്റ് ഗാർഡ്.
“വരുന്നില്ലിയോ ?”ചിരിയോടെയുള്ള ആ ചോദ്യം ചാക്കോച്ചന്‍റെയായിരുന്നു. വണ്ടിയുടെ ചില്ലുകൾ താഴ്ത്തി ചിരിച്ചു കൊണ്ട് ചാക്കോച്ചൻ പോയി..ഒരു നിമിഷത്തെ നിശബ്ദത..കാറ്റു പോലെ എന്തോ ഒന്ന് ഞങ്ങളെ തൊട്ടു തലോടി ചാക്കോച്ചന്റെ കാറിനു പിന്നാലെ പോകുമ്പോലെ തോന്നി.. തോന്നിയതല്ല..യഥാർത്ഥത്തിൽ പോയി.
” ചില സ്ഥലങ്ങളിൽ ഒന്നും രാത്രി ഷൂട്ടിംഗ് സേഫ് അല്ല ലോറൻസ് സാറെ..ഡയറക്ടറോടു ഒന്ന് പറഞ്ഞേക്കു..”
ഗാർഡിന്റെ ശബ്ദം വീണ്ടും.. ചാക്കോച്ചന്റെ കാറിനെ കടന്നു ആ കാറ്റു നീങ്ങി..
തുടരും…