ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് എന്ന സിനിമ ഈ വരുന്ന വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തുകയാണ്. ഈ വർഷം മലയാള സിനിമാ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരുന്ന സിനിമ ആണ് ജല്ലിക്കട്ട്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ നിന്ന് ഈ ചിത്രം കണ്ടവരുടെ നിരൂപണങ്ങൾ മലയാള സിനിമാ പ്രേമികളെ ഏറെ ആവേശം കൊള്ളിച്ചിരുന്നു. അതിനു ശേഷം വന്ന ഇതിന്റെ ടീസർ, ട്രൈലെർ എന്നിവയും വമ്പൻ പ്രേക്ഷക ശ്രദ്ധയും കയ്യടിയുമാണ് നേടിയത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ മേക്കിങ് വീഡിയോ റിലീസ് ചെയ്യാൻ ഉള്ള ഒരുക്കത്തിൽ ആണ് അണിയറ പ്രവർത്തകർ. ഇതിന്റെ മേക്കിങ് വീഡിയോ ഒരു ഡോക്യൂമെന്ററി പോലെ റിലീസ് ചെയ്യാൻ ആണ് അവർ ഉദ്ദേശിക്കുന്നത്. ആ മേക്കിങ് വീഡിയോ ഡോക്യൂമെന്ററിയുടെ ആദ്യ ടീസർ ആണ് ഇന്ന് റിലീസ് ചെയ്തത്. റിലീസ് ആയ നിമിഷം മുതൽ വലിയ പ്രതികരണം ആണ് ഈ ഡോക്യൂമെന്ററി ടീസർ നേടിയെടുക്കുന്നത്.
ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, സാബുമോൻ എന്നിവരാണ് ഈ ചിത്രത്തിലെ മുഖ്യ വേഷങ്ങളിൽ എത്തുന്നത്. തോമസ് പണിക്കർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് എസ് ഹരീഷ്, ബി ജയകുമാർ എന്നിവർ ചേർന്നാണ്. ഹോളിവുഡ് ക്ലാസിക് ആയ സൊ എന്ന ചിത്രത്തോട് ആണ് ചില വിദേശ നിരൂപകർ ഈ ചിത്രത്തെ ഉപമിച്ചതു. കഴിഞ്ഞ വർഷം റിലീസ് ആയ ബോളിവുഡ് ചിത്രമായ ടുംബാഡ് നൽകിയ ഫീൽ ആണ് ഈ ചിത്രവും നൽകുന്നത് എന്നും ചിലർ പറയുന്നു. ഗിരീഷ് ഗംഗാധരൻ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ജല്ലിക്കട്ടിനു സംഗീതം ഒരുക്കിയത് പ്രശാന്ത് പിള്ളയും എഡിറ്റ് ചെയ്തത് ദീപു ജോസെഫും ആണ്.