ആ പീഡനങ്ങളുടെ രക്തസാക്ഷി ആയിരുന്നു തിലകന്‍ എന്ന അഭിനയകലയുടെ പെരുന്തച്ചൻ; വൈറലായി സംവിധായകന്റെ വാക്കുകൾ..!

Advertisement

മലയാളത്തിന്റെ മഹാനടനായ തിലകൻ നമ്മളെ വിട്ടു പിരിഞ്ഞിട്ടു ഇന്ന് ഒൻപതു വർഷം തികയുകയാണ്. മലയാള സിനിമയിലെ കലാകാരന്മാർ ഇന്ന് അദ്ദേഹത്തിന്റെ ഓർമദിനം ആചരിക്കുകയാണ്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ഉൾപ്പെടെയുള്ളവർ രാവിലെ തന്നെ മഹാനടൻ തിലകന് ഓർമപ്പൂക്കൾ അർപ്പിച്ചു കൊണ്ട് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ മുന്നോട്ടു വന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അഞ്ചു നടന്മാരിൽ ഒരാളാണ് തിലകൻ എന്ന് നിസംശയം പറയാൻ സാധിക്കും. നാടകത്തിലൂടെ സിനിമയിൽ എത്തിയ അദ്ദേഹം പിന്നീട് നായകനായും സഹനടനായും വില്ലനായും ഹാസ്യ നടനായും വരെ സിനിമയിൽ വേഷമിട്ടു. തിരശീലയിൽ അച്ഛനും മകനും ആയി ജീവിച്ച തിലകൻ- മോഹൻലാൽ കൂട്ടുകെട്ട് മലയാള സിനിമയുടെ ചരിത്രത്തിന്റെ തന്റെ ഭാഗമാണ്. തിലകന്റെ മക്കളായ ഷമ്മി തിലകൻ, ഷോബി തിലകൻ എന്നിവരും സിനിമയിൽ സജീവമാണ്. ഇപ്പോഴിതാ തിലകനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രശസ്ത സംവിധായകൻ വിനയൻ ഇന്നിട്ട ഫേസ്ബുക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

തന്റെ ഫേസ്ബുക് പോസ്റ്റിൽ അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെ, ഇന്ന് തിലകന്‍ എന്ന മഹാനടന്റെ ഓര്‍മ്മദിനമാണ്. മണ്‍മറഞ്ഞു പോയ സഹപ്രവര്‍ത്തകരേയും, പ്രതിഭകളേയും ഒക്കെ സാധാരണ സ്മരിക്കുന്നതു പോലെ തിലകന്‍ ചേട്ടനെ പറ്റിയുള്ള സ്മരണ ഒറ്റ വാക്കില്‍ എഴുതാന്‍ എനിക്കാവില്ല. കാരണം, ലോകത്തൊരിടത്തും സ്വന്തം സഹപ്രവര്‍ത്തകരാല്‍ തന്നെ വിലക്കപ്പെടുകയും തൊഴിലില്ലാതാകുകയും അതിനോടൊക്കെത്തന്നെ ഉച്ചത്തില്‍ ശക്തമായി പ്രതികരിക്കുകയും ഒടുവില്‍ തളര്‍ന്നു പോകുകയും എല്ലാത്തിനോടും വിട പറയേണ്ടി വരികയും ചെയ്ത ഒരു വലിയ കലാകാരന്‍ തിലകന്‍ ചേട്ടനല്ലാതെ മറ്റാരും ഉണ്ടാകില്ല. എന്തിന്റെ പേരിലാണങ്കിലും, എത്രമേല്‍ കലഹിക്കുന്നവനും നിഷേധിയുമാണങ്കിലും ഒരാളെ ഒറ്റപ്പെടുത്തി മാറ്റിനിര്‍ത്തി മാനസികമായി തളര്‍ത്തി ഇല്ലാതാക്കുന്ന രീതി മനുഷ്യകുലത്തിനു ചേര്‍ന്നതല്ല. ആ പീഡനങ്ങളുടെ രക്തസാക്ഷി ആയിരുന്നു തിലകന്‍ എന്ന അഭിനയകലയുടെ പെരുന്തച്ചനെന്ന് അടുത്തു നിന്നറിഞ്ഞ ഒരു വ്യക്തിയാണു ഞാന്‍. അതുകൊണ്ടു തന്നെ അതു പലപ്പോഴും പറഞ്ഞു പോകുന്നു. ക്ഷമിക്കണം. ഈ ഓര്‍മ്മകള്‍ ഒരു തിരിച്ചറിവായി മാറാന്‍ ഇനിയുള്ള കാലം നമ്മെ സഹായിക്കട്ടെ. അനശ്വരനായ അഭിനയകലയുടെ ഗുരുവിന് ആദരാഞ്ജലികള്‍.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close