
മലയാള സിനിമയിൽ ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങിൽ ഏറ്റവും മികച്ച പ്രതികരണം നേടി മുന്നേറുന്നത് മമ്മൂട്ടി നായകനായിയെത്തുന്ന ‘അബ്രഹാമിന്റെ സന്തതികൾ’ തന്നെയാണ്. നവാഗതനായ ഷാജി പടൂരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അഡേനിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡെറിക്ക് അബ്രഹാം എന്ന സ്റ്റൈലിഷ് പോലീസ് കഥാപാത്രമായി മമ്മൂട്ടി ജീവിക്കുകയായിരുന്നു. കസബ എന്ന ചിത്രത്തിന് ശേഷം ജോബി ജോർജ്ജ് നിർമ്മിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’.
ബോക്‌സ് ഓഫീസിൽ വൻ വിജയം കരസ്ഥമാക്കി മമ്മൂട്ടി ചിത്രം മുന്നേറുകയാണ്. ഈ വർഷത്തെ ആദ്യ ദിന കളക്ഷൻ റെക്കോര്ഡ് അബ്രഹാം തന്നെ കൈക്കലാക്കി, പ്രണവ് മോഹൻലാൽ ചിത്രം ആദിയെ തകർത്താണ് ഈ റെക്കോര്ഡ് സ്വന്തമാക്കിയത്. രണ്ടാം വാരത്തിലും ചിത്രം നിറഞ്ഞ സദസ്സിലാണ് പ്രദർശനം തുടരുന്നത്. ജെ. സി. സി റീലീസിലും മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ചിത്രം ഏകദേശം 25 കോടിയോളം വേൾഡ് വൈഡ് നേടി കഴിഞ്ഞു എന്നാണ്. കേരളത്തിൽ ഓരോ ദിവസവും ചിത്രത്തിന്റെ തിരക്ക് വർദ്ധിച്ചു വരുകയാണ് ആയതിനാൽ വൈകാതെ തന്നെ കേരള കളക്ഷനും പുറത്തുവിടും എന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. 25 കോടി കളക്ഷൻ നേടിയതിന്റെ വിജയ ആഘോഷം കൊച്ചിയിലെ കവിത തീയറ്ററിൽ അണിയറ പ്രവർത്തകരുടെയോപ്പം മമ്മൂട്ടി ആരാധകരും ആഘോഷിച്ചു.
അതിവേഗത്തിൽ 1000 ഹൗസ്ഫുൾ ഷോസ് തികക്കുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്. ആദ്യ വാരം പിന്നിട്ടശേഷം മമ്മൂട്ടിയുടെ ആരാധികമാർ ഒത്തുചേർന്ന് ലേഡീസ് ഫാൻസ് ഷോ അടുത്തിടെ നടത്തുകയുണ്ടായി. 135 സ്ക്രീനിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് ഓരോ ദിവസവും പിന്നിടുമ്പോളും സ്ക്രീൻ വർദ്ധനവ് ഉണ്ടായെന്നത് രസകരമായ കാര്യം തന്നെയാണ്.
അൻസൻ പോൾ, കനിഹ, സിദ്ദിഖ്, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, തരുഷി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. സംഗീതം നിവർവഹിച്ച ഗോപി സുന്ദറെ തേടി ഒരുപാട് പ്രശംസകളും ഇൻഡസ്ട്രിയിൽ നിന്ന് വന്നിരുന്നു. ഛായാഗ്രഹണം നിർവഹിച്ച ആൽബിയും മികച്ച ഫ്രേമുകൾ സിനിമ പ്രേമികൾക്ക് സമ്മാനിച്ചു.