പൃഥ്വിരാജിനെ നായകനാക്കി എന്ന് നിന്റെ മൊയ്തീൻ എന്ന സൂപ്പർ ഹിറ്റ് റൊമാന്റിക് ചിത്രം സംവിധാനം ചെയ്ത ആർ.എസ്. വിമൽ ഏവരെയും ആവേശത്തിലാഴ്ത്തി കൊണ്ടാണ് തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ കർണ്ണനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം. പൃഥ്വിരാജാണ് കർണ്ണനായി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ സാങ്കേതികപരമായ പല കാരണങ്ങൾ കൊണ്ട് പൃഥ്വിരാജ് ചിത്രത്തിൽ നിന്നും പിന്മാറുകയാണ് ഉണ്ടായത്. പിന്നീട് ചിത്രത്തിനുവേണ്ടി കാത്തിരുന്ന സിനിമാ പ്രേമികൾക്കും ആവേശം നൽകിക്കൊണ്ട് കർണ്ണനായി ചിത്രത്തിൽ തമിഴ് സൂപ്പർതാരം വിക്രം എത്തുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.കുരുക്ഷേത്ര യുദ്ധത്തിന്റെ രംഗങ്ങൾ ചിത്രീകരിച്ചു കൊണ്ട് 2019- ൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തു. തുടർന്ന് ചിത്രത്തിന്റെ വാർത്തകൾക്കുവേണ്ടി കാത്തിരുന്ന പ്രേക്ഷകർക്ക് നിരാശാജനകമായ റിപ്പോർട്ടുകളാണ് പുതിയതായി പുറത്തുവരുന്നത്.
കർണ്ണനായി വിക്രമിനെ പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു ടീസറും കഴിഞ്ഞവർഷം പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാൽ ബ്രഹ്മാണ്ഡ പ്രോജക്റ്റ് ഇപ്പോൾ മറ്റൊരു പുതിയ ടീമുമായി ചെയ്യാൻ ഒരുങ്ങുകയാണ് സംവിധായകൻ ആർ.എസ്. വിമൽ. സൂര്യപുത്ര മഹാവീർ കർണ്ണൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്. ബോളിവുഡിലെ ശക്തരായ സിനിമാ നിർമ്മാണ കമ്പനിയായ പൂജ എന്റർടൈൻമെന്റ്സ് ആണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്.
വിക്രമിന് പകരം ഏതു താരമാണ് ചിത്രത്തിൽ കർണ്ണനായി എത്തുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു സൂചന അണിയറപ്രവർത്തകർ ഇതുവരെയും നൽകിയിട്ടില്ല. എന്നാൽ ബോളിവുഡിൽ നിന്നുമുള്ള ഒരു സൂപ്പർതാരം തന്നെയാവും ഈ ചിത്രത്തിൽ കർണ്ണനായി എത്തുകയെന്നത് ഉറപ്പാണ്. ഹിന്ദി,തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി നിരവധി ഭാഷകളിലായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ അതിഗംഭീരമായ ടീസർ സമൂഹമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റുകൾക്കായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.