![](https://i0.wp.com/onlookersmedia.com/wp-content/uploads/2019/01/vijay-sethupathi-conquering-the-heart-of-his-kerala-fans.jpg?fit=1024%2C592&ssl=1)
തമിഴ് നാട്ടിൽ മാത്രമല്ല കേരളത്തിലും വമ്പൻ ജനപ്രീതിയുള്ള നടൻ ആണ് മക്കൾ സെൽവൻ വിജയ് സേതുപതി. അദ്ദേഹത്തിന്റെ ചിത്രങ്ങൾ മാത്രമല്ല, വ്യകതി എന്ന നിലയിൽ ഉള്ള വിജയ് സേതുപതിയുടെ പെരുമാറ്റവും അദ്ദേഹത്തിന് ഏറെ ആരാധകരെ സമ്പാദിച്ചു നൽകി. ഇപ്പോഴിതാ തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി കേരളത്തിൽ എത്തിയ വിജയ് സേതുപതി ഇവിടെയുള്ള തന്റെ ആരാധകരേയും ചേർത്ത് പിടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. സീനു രാമസാമി ഒരുക്കുന്ന മാമനിതൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ആയി ആലപ്പുഴയിൽ എത്തിയതാണ് വിജയ് സേതുപതി. അദ്ദേഹം വന്നതറിഞ്ഞു ഷൂട്ടിംഗ് പരിസരം ജനസമുദ്രമായി മാറി.
ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച എല്ലാവർക്കും ഒപ്പവും ഷൂട്ടിംഗ് കഴിഞ്ഞതിനു ശേഷം ഫോട്ടോ എടുത്തിട്ടാണ് വിജയ് സേതുപതി മടങ്ങിയത്. തനിക്കൊപ്പം ഫോട്ടോ എടുത്ത ഏവരെയും ഏറെ സ്നേഹത്തോടെ ചേർത്ത് പിടിച്ച അദ്ദേഹം ആരാധകർക്കിടയിൽ വീണ്ടും അത്ഭുതമായി മാറുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനിൽ അദ്ദേഹം ആരാധകരുമായി ചിലവിടുന്ന നിമിഷങ്ങളുടെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. വിജയ് സേതുപതിക്ക് ഒപ്പം മലയാള നടൻ മണികണ്ഠൻ ആചാരിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഓട്ടോ ഡ്രൈവർമാർ ആയാണ് ഇവർ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അധികം വൈകാതെ മലയാള സിനിമയിലും അഭിനയിക്കാൻ പോവുകയാണ് വിജയ് സേതുപതി. ജയറാമിനൊപ്പം മക്രോണി മാർക്കോസ് എന്ന ചിത്രത്തിൽ ആണ് വിജയ് സേതുപതി അഭിനയിക്കാൻ പോകുന്നത്. സജൻ കളത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങും തുടങ്ങി കഴിഞ്ഞു.
വീഡിയോ കടപ്പാട് : Filmaholics Mollywood