തമിഴ് സൂപ്പർതാരം മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത ‘എയ്‌സ്’ എന്ന ചിത്രത്തിന്റയെ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്. വിജയ് സേതുപതിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. വളരെ ശക്തമായ വേഷത്തിൽ വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ രുക്മിണി വസന്ത്, യോഗി ബാബു, ബി എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ബോൾഡ് കണ്ണൻ’ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. 7സിഎസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അറുമുഗകുമാർ നിർമ്മിച്ച ഈ ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.
പരമ്പരാഗത തമിഴ് വസ്ത്രം ധരിച്ച്, ആത്മവിശ്വാസത്തോടെ മലേഷ്യയിലെ ഒരു വിമാനത്താവളത്തിലൂടെ നടക്കുകയും, തിരക്കേറിയ വ്യവസായ തെരുവുകളിൽ വമ്പൻ ആക്ഷൻ രംഗങ്ങളിൽ ഏർപ്പെടുകയും, ആഘോഷങ്ങളിൽ സന്തോഷത്തോടെ നൃത്തം ചെയ്യുകയും, നിർഭയമായി തെരുവുകളിൽ സഞ്ചരിക്കുകയും ചെയ്യുന്ന ‘ബോൾഡ് കണ്ണൻ’ എന്ന വിജയ് സേതുപതി കഥാപാത്രത്തെയാണ് ഗ്ലിമ്പ്സ് വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. തമിഴ് സംസ്കാരത്തോടു ചേർന്ന് നിൽക്കുകയും വിനോദത്തിനും ആക്ഷനും പ്രാധാന്യം നൽകുന്നതുമായ ഒരു ചിത്രമായിരിക്കും ‘എയ്‌സ്’ എന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്.
ബോൾഡ് കണ്ണൻ എന്ന കഥാപാത്രത്തിന്റെ ആഴത്തെ കുറിച്ചും സാധ്യതകളെ കുറിച്ചും ആരാധകരിൽ ആവേശം സൃഷ്ടിക്കുന്ന രീതിയിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തു വന്ന, ചിത്രത്തിന്റെ ടൈറ്റിൽ ടീസറും ദശലക്ഷ കണക്കിന് കാഴ്ചക്കാരെ നേടി സമൂഹ മാധ്യമങ്ങളിൽ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. അടുത്തിടെ ‘മഹാരാജ’ എന്ന ചിത്രത്തിലൂടെ ചൈനയിലും വലിയ ആരാധകവൃന്ദത്തെ വിജയ് സേതുപതി നേടിയെടുത്തിരുന്നു.
ഛായാഗ്രഹണം- കരൺ ഭഗത് റൗട്, സംഗീതം- ജസ്റ്റിൻ പ്രഭാകരൻ, എഡിറ്റർ- ഫെന്നി ഒലിവർ, കലാസംവിധാനം- എ കെ മുത്തു. പിആർഒ- ശബരി.