
പുതിയ കണ്ടുപിടുത്തങ്ങളും പുത്തൻ ടെക്നോളജികളും മനുഷ്യന്റെ സ്വകാര്യതയിലേക്ക് പലപ്പോഴും അതിരുകടന്ന് കയറി ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. മാരൻ എന്ന ചെറുപ്പക്കാരനും അവനാൽ ചിലരുടെ ജീവിതത്തിലേക്ക് ഇത്തരം ചില സംഭവങ്ങൾ ബാധിക്കപ്പെടുന്നതുമാണ് ബിലഹരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘കുടുക്ക് 2025’ എന്ന ചിത്രം അവതരിപ്പിക്കുന്നത്. ഈ മാസം 25ന് പ്രദർശനത്തിനെത്തുന്ന മലയാള ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
നേരത്തെ റിലീസ് ചെയ്ത റൊമാന്റിക് പാട്ടുകളെ അപേക്ഷിച്ച് ക്രൈം- മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. എസ്.വി കൃഷ്ണ ശങ്കറും, ദുർഗ കൃഷ്ണയുമാണ് മുഖ്യതാരങ്ങൾ. സ്വാസിക, ഷൈൻ ടോം ചാക്കോ, അജു വർഗീസ് എന്നിവരും ചിത്രത്തിൽ നിർണായകവേഷം ചെയ്യുന്നു.
പതിവ് ശൈലിയിൽ നിന്നും പൂർണമായും വ്യത്യസ്ത ഗെറപ്പിലും അവതരണത്തിലുമാണ് കുടുക്ക് 2025ൽ കൃഷ്ണ ശങ്കർ എത്തുന്നത്. ‘അള്ള് രാമേന്ദ്രൻ’ എന്ന ചിത്രത്തിലൂടെ മലയാളത്തിന് സുപരിചിതനായ സംവിധായകനാണ് ബിലഹരി.
അഭിമന്യൂ വിശ്വനാഥ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ കിരൺ ദാസ് ആണ്. ഭൂമി, മണികണ്ഠൻ അയ്യപ്പ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ‘തെയ്തക’ എന്ന ഗാനവും സിദ്ദ് ശ്രീറാം ആലപിച്ച ‘മാരൻ’ എന്ന ഗാനവും വളരെ ജനപ്രീയത നേടിയിരുന്നു. വിക്കിയാണ് കുടുക്ക് 2025ന്റെ സംഘട്ടന സംവിധായകൻ. സിനിമ നിർമിച്ചിരിക്കുന്നത് എസ്.വി കൃഷ്ണശങ്കർ, ബിലഹരി, ദീപ്തി റാം എന്നിവർ ചേർന്നാണ്.