യുവ താരം നിവിൻ പോളി നായകനായ തുറമുഖം എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് രാവിലെ പതിനൊന്നു മണിക്കാണ് റിലീസ് ചെയ്തത്. വിപ്ലവത്തിന്റെ വീര്യവും ചൂടും നിവിൻ പോളിയുടെ മാസ്സ് സീനുകളും നിറഞ്ഞ ഈ ടീസർ, റിലീസ് ചെയ്തു നിമിഷങ്ങൾ കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ടീസറിലെ മുദ്രാവാക്യങ്ങളും, നിവിൻ പോളിയുടെ മാസ്സ് ഡയലോഗും ഇപ്പോൾ തന്നെ സൂപ്പർ ഹിറ്റായി കഴിഞ്ഞു. കാട്ടാളന്മാർ നാടുഭരിച്ചീ നാട്ടിൽ തീ മഴ പെയ്തപ്പോൾ, പട്ടാളത്തെ പുല്ലായി കരുതിയ മട്ടാഞ്ചേരി മറക്കാമോ എന്ന മുദ്രാ വാക്യമാണ് ടീസറിലെ ഹൈലൈറ്റ്. മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രമായി നിവിൻ എത്തുന്ന ഈ ചിത്രത്തിലെ നിവിൻ കിടിലൻ ഡയലോഗും ടീസറിന്റെ കരുത്താണ്. സാറ് സൈത്താൻ ആണെങ്കി നുമ്മ ഇബിലീസാ എന്ന് പറയുന്ന നിവിന്റെ രംഗം ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാണ്.
പ്രശസ്ത സംവിധായകൻ രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ഗോപൻ ചിദംബരനാണ്. ഗോപൻ ചിദംബരന്റെ അച്ഛൻ കെ എം ചിദംബരൻ രചിച്ച ഇതേ പേരിലുള്ള നാടകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ബി അജിത് കുമാർ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് കെ, ഷഹബാസ് അമൻ എന്നിവർ ചേർന്നാണ്. നിവിൻ പോളിക്കു പുറമെ ഇന്ദ്രജിത് സുകുമാരൻ, ജോജു ജോർജ്, അർജുൻ അശോകൻ, മണികണ്ഠൻ ആചാരി, സുദേവ് നായർ, നിമിഷാ സജയൻ, പൂർണ്ണിമ ഇന്ദ്രജിത് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മിനി സ്റ്റുഡിയോയുടെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് ആണ്. 1940 – 1950 കാലഘട്ടത്തിൽ കൊച്ചി പോർട്ടിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് തുറമുഖം.