കുറച്ചു ദിവസങ്ങൾക്കു മുൻപാണ് കായംകുളം കൊച്ചുണ്ണിയിലെ ആദ്യ ഗാനം റിലീസ് ചെയ്തത്. മനോഹരമായ ഒരു പ്രണയ ഗാനമായിരുന്നു അത്. ആ ഗാനവും അതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി മാറി എന്ന് മാത്രമല്ല ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വളരെ വലുതാക്കുകയും ചെയ്തു. മനോഹരമായ ദൃശ്യങ്ങൾ ആയിരുന്നു കളരിയടവും ചുവടിനഴകും കണ്ടു ഞാൻ എന്ന ആ ഗാനത്തിന്റെ പ്രത്യേകത. ഇപ്പോഴിതാ കായംകുളം കൊച്ചുണ്ണിയിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ആയി കഴിഞ്ഞു. ജണജണ നാദം തിരയടി താളം എന്ന് തുടങ്ങുന്ന ഈ ഗാനം പ്രേക്ഷകരിൽ ആവേശമുണർത്തുന്ന ഒരു ഗാനമാണ് എന്ന് തന്നെ പറയാം. കരുത്തുറ്റ വരികളും സംഗീതവുമാണ് ഈ ഗാനത്തിന്റെ പ്രത്യേകത. ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
അദ്ദേഹം തന്നെ ആലപിച്ച ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. ഇതിന്റെ ലിറിക് വിഡിയോയിൽ ചിത്രത്തിലെ ഇതുവരെ നമ്മൾ കാണാത്ത ചില സ്റ്റില്ലുകളും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ആരാധകർക്ക് ആവേശം പകരുന്നുണ്ട്. ഇത്തിക്കര പക്കി ആയെത്തുന്ന മോഹൻലാലിൻറെ ചില കലിപ്പൻ സ്റ്റില്ലുകളും നിവിൻ പോളി, സണ്ണി വെയ്ൻ, സംവിധായകൻ റോഷൻ ആൻഡ്രൂസ് തുടങ്ങി ചിത്രവുമായി ബന്ധപ്പെട്ട പലരുടെയും സ്റ്റില്ലുകളും ഈ ലിറിക്കൽ വീഡിയോയിൽ കാണാം. ബോബി- സഞ്ജയ് ടീം ഒരുക്കിയ തിരക്കഥയെ അടിസ്ഥാനമാക്കി ഈ ചരിത്ര ചിത്രം ഒരുക്കിയിരിക്കുന്നത് റോഷൻ ആൻഡ്രൂസ് ആണ്. നാൽപ്പത്തിയഞ്ച് കോടി രൂപയോളം രൂപ മുതൽ മുടക്കിൽ ഗോകുല ഗോപാലൻ നിർമ്മിച്ച ഈ ചിത്രം ഓഗസ്റ്റ് പതിനേഴിന് റിലീസ് ചെയ്യും.