മലയാളി സംവിധായകർ ആയ ആദർശ് നാരായണൻ, ആന്റണി കനാപ്പിള്ളി എന്നിവർ ചേർന്നൊരുക്കിയ ത്രില്ലർ ഹൃസ്വ ചിത്രമാണ് ദി ലെറ്റർ. ആമസോണ് പ്രൈം റിലീസ് ആയി എത്തിയ ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ഇപ്പോൾ വലിയ ശ്രദ്ധയാണ് നേടിയെടുക്കുന്നത്. മലയാളം, ഇംഗ്ലീഷ് ഭാഷകൾ ഇടകലർത്തി ഒരുക്കിയിരിക്കുന്ന ഈ ഹൃസ്വ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നവരിൽ ഭൂരിഭാഗവും മലയാളികൾ തന്നെയാണ്. അമേരിക്കയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം അമേരിക്കയിൽ ആമസോണ് പ്രൈം സബ്സ്ക്രൈബ് ചെയ്തിട്ടുള്ളവർക്കാണ് ലഭ്യമാകുന്നത് എങ്കിലും, ഇന്ത്യൻ പ്രേക്ഷകർക്കായി ഈ ചിത്രം യൂട്യൂബിൽ റീലീസ് ചെയ്തിട്ടുണ്ട്. പോക്കറ്റ് ഫിലിംസ് എന്ന യൂട്യൂബ് ചാനലിൽ ആണ് ഈ ചിത്രം ഇപ്പോൾ റീലീസ് ചെയ്തിരിക്കുന്നത്.
അപർണ മേനോൻ, ബിജു ശ്രീധരൻ, റിച്ചാർഡ്, സീഗൽമാൻ, ജോജി വർഗ്ഗീസ്, എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ഹൃസ്വ ചിത്രം എഡിറ്റ് ചെയ്‌തത് റോണി റോയിയും ഇതിനു വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് അലക്സ് മക്കോർമാക്കും ആണ്. മെസ്മിൻ സന്തോഷ് സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന ദി ലെറ്റർ നിർമ്മിച്ചിരിക്കുന്നത് പ്രീതി ശശിധരൻ, നോബിൾ ജോസെഫ് എന്നിവർ ചേർന്നാണ്. ബിജു മേനോൻ നായകനായ ലാൽ ജോസ് ചിത്രം 41 നിർമ്മിച്ച ആള് കൂടിയാണ് ഈ ചിത്രത്തിന്റെ സംവിധായകരിൽ ഒരാളായ അമേരിക്കൻ മലയാളി ആദർശ് നാരായണൻ. ആദ്യവസാനം സസ്പെൻസ് നിലനിർത്തി കഥ പറഞ്ഞിരിക്കുന്ന ഈ ഹൃസ്വ ചിത്രത്തിന്റെ ഹൈലൈറ്റ് ഇതിന്റെ കിടിലൻ ക്ളൈമാക്‌സും അഭിനേതാക്കളുടെ ഗംഭീര പ്രകടനവുമാണ്. ഏതായാലും നിലവാരം കൊണ്ടും അവതരണത്തിലെ പുതുമ കൊണ്ടും വലിയ കയ്യടിയാണ് ദി ലെറ്റർ ഇപ്പോൾ നേടിയെടുക്കുന്നത് എന്നു പറയാം.