കുറച്ചു നാൾ മുൻപാണ് മലയാളത്തിന്റെ മഹാനടനായ നെടുമുടി വേണു അന്തരിച്ചത്. അദ്ദേഹം ചെയ്ത അവസാന ചിത്രങ്ങളിൽ ഒന്നായ ആറാട്ട് ഇപ്പോൾ തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നയാനായ ഈ ചിത്രത്തിൽ ഒരതിഥി വേഷത്തിലാണ് നെടുമുടി വേണു എത്തിയിരിക്കുന്നത്. അദ്ദേഹവും മോഹൻലാലും ചേർന്ന് അഭിനയിച്ച ഒരു മനോഹരമായ ഗാനവും ഈ ചിത്രത്തിൽ ഉണ്ട്. ഒട്ടേറെ ഗംഭീര മലയാള ഗാനങ്ങളിൽ ഒരുമിച്ചഭിനയിച്ചു കയ്യടി നേടിയിട്ടുള്ള അദ്ദേഹവും മോഹൻലാലും അവസാനമായി ഒന്നിച്ചു സ്‌ക്രീനിൽ വന്ന, താരുഴിയും എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം, അതിമനോഹരമായി ആണ് ബി ഉണ്ണികൃഷ്ണൻ ചിത്രീകരിച്ചിരിക്കുന്നത്. കഥകളിയും ക്ലാസിക്കൽ നൃത്തവും കളരി പയറ്റും തെയ്യവുമെല്ലാം ഉൾപ്പെടുത്തി ദൃശ്യങ്ങൾ ഒരുക്കിയ ഈ ഗാനം, കാതിനു മാത്രമല്ല കണ്ണിനും ഒരു വിരുന്നാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.
മോഹൻലാൽ, നെടുമുടി വേണു എന്നിവർക്കൊപ്പം രചന നാരായണൻ കുട്ടി, സ്വാസിക, മാളവിക, ധ്രുവൻ, കലാമണ്ഡലം ഗോപി ആശാൻ എന്നിവരും ഈ ഗാനത്തിൽ അഭിനയിച്ചിട്ടുണ്ട്. ഹരിശങ്കർ കെ എസ്, പൂർണശ്രീ ഹരിദാസ് എന്നിവർ ചേർന്ന് പാടിയ ഈ ഗാനത്തിന് ഈണം പകർന്നത് രാഹുൽ രാജ് ആണ്. നികേഷ് കുമാർ ചെമ്പിലോട് ആണ് ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത്. വിജയ് ഉലഗനാഥ് ആണ് ഈ സിനിമയ്ക്കു വേണ്ടി മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയത്. ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗും സാങ്കേതികപരമായി ഈ ചിത്രത്തിനും ഈ ഗാനത്തിനും വലിയ നിലവാരം സമ്മാനിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ ഒന്നാം കണ്ടം എന്ന ഗാനവും അതുപോലെ തന്നെ തലയുടെ വിളയാട്ട് എന്ന തീം സോങ്ങും ഇതിനോടകം സൂപ്പർ ഹിറ്റുകളാണ്.