മയക്കു മരുന്നു കേസിൽ പിടിയിലായ, ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകനായ ആര്യൻ ഖാൻ, ഇന്ന് ജാമ്യം ലഭിച്ചു ജയിലിനു പുറത്തു വന്നു. 25 ദിവസത്തെ കസ്റ്റഡിക്കു ശേഷമാണ് ബോംബെ ഹൈക്കോടതി ആര്യനും കൂട്ടുപ്രതികളായ അർബാസ് മർച്ചന്റ്, മുൺ ധമേച എന്നിവർക്കും ജാമ്യം നൽകികൊണ്ട് വ്യാഴഴ്ച ഉത്തരവായത്. ജാമ്യം സംബന്ധിച്ച മറ്റു നടപടിക്രമങ്ങൾ ഇന്നാണ് പൂർത്തിയായത് എന്നത് കൊണ്ട് തന്നെ ഇന്ന് രാവിലെയാണ് ആര്യൻ ജയിലിനു പുറത്തു വന്നത്. അദ്ദേഹം പുറത്തു വരുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ മാസം എട്ടു മുതൽ ആര്യനും സംഘവും മുംബൈ ആർതർ റോഡ് ജയിലിലാണ് കഴിഞ്ഞത്. മൂന്നു തവണയാണ് ഇവരുടെ ജാമ്യാപേക്ഷ ഈ കേസ് നോക്കിയിരുന്ന പ്രത്യേക കോടതി തള്ളിയത്. അതിനു ശേഷം ഹൈക്കോടതിയെ സമീപിച്ച ആര്യന്, രണ്ടു ദിവസത്തെ വാദങ്ങൾക്ക് ശേഷമാണു, ജാമ്യം ലഭിച്ചത്.
മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോഹത്ഗിയാണ് ആര്യൻ ഖാനു വേണ്ടി വാദിക്കാൻ കോടതിയിൽ എത്തിയത്. തന്റെ വാട്സാപ് ചാറ്റുകൾ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് ജാമ്യാപേക്ഷയിൽ ആര്യൻ ഖാൻ കോടതിയെ അറിയിച്ചു. വ്യക്തമായ തെളിവുകളില്ലാതെയാണ് ആര്യന്റെ അറസ്റ്റെന്ന് അഭിഭാഷകൻ റോഹത്ഗി ബുധനാഴ്ച കോടതിയെ ധരിപ്പിച്ചതിനൊപ്പം ആര്യന്റെ പക്കൽ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ല എന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കൃത്യമായ കാരണങ്ങൾ ഇല്ലാതെയാണ് അറസ്റ്റും ജാമ്യം നിഷേധിക്കലും ഉണ്ടായതെന്നും കൂടി അദ്ദേഹം കോടതിയെ ബോധിപ്പിച്ചതോടെയാണ് ജാമ്യം അനുവദിച്ചത്. ഈ മാസം 3ന് ഒരു ആഡംബര കപ്പലിലെ ലഹരി വിരുന്നിനിടെയാണ് എൻസിബി ആര്യൻ ഖാനെ കസ്റ്റഡിയിൽ എടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.